'നല്ല സിനിമ ചെയ്യാന്‍ സമയമെടുക്കും' എന്ന് മാധവന്‍; അതിന് ഞാന്‍ എന്ത് ചെയ്യണമെന്ന് അക്ഷയ് കുമാര്‍

'നല്ല സിനിമ ചെയ്യാന്‍ സമയമെടുക്കും' എന്ന് മാധവന്‍; അതിന് ഞാന്‍ എന്ത് ചെയ്യണമെന്ന് അക്ഷയ് കുമാര്‍
Published on

നല്ല സിനിമകള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന നടന്‍ മാധവന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. റോക്കട്രി : ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു മാധവന്‍ ഇക്കാര്യം. നേരിട്ടല്ലെങ്കിലും മാധവന്‍ തന്റെ വാക്കുകളിലൂടെ ഉദ്ദേശിച്ചത് അക്ഷയ് കുമാറിനെയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. തന്റെ പുതിയ ചിത്രമായ രക്ഷാബന്ധന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു അക്ഷയ് കുമാര്‍ മാധവന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ചത്.

രക്ഷാബന്ധന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ മാധവന്റെ പരാമര്‍ശത്തെ കുറിച്ച് അക്ഷയ് കുമാറിനോട് ചോദിക്കുകയായിരുന്നു. 'ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. എനിക്ക് ഇപ്പോള്‍ ഇതില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. എന്റെ സിനിമ പെട്ടന്ന് ഷൂട്ട് കഴിയുന്നു. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?' എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

അല്ലു അര്‍ജുന്‍, രാജമൗലി എന്നിവരെ ഉദാഹരണമാക്കിയാണ് മാധവന്‍ നല്ല സിനിമ ചെയ്യാന്‍ സമയം എടുക്കുമെന്ന് പറഞ്ഞത്. 'പുഷ്പ, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ ചിത്രീകരിച്ചത് ഒരു വര്‍ഷം സമയമെടുത്താണ്. 3-4 മാസം കൊണ്ട് ചിത്രീകരിക്കുന്ന സിനിമകള്‍ അല്ല പ്രേക്ഷകര്‍ സമയം എടുത്ത് ചെയ്യുന്ന സിനിമകളാണ് കാണാന്‍ ആഗ്രഹിക്കുന്നത്' എന്നാണ് മാധവന്‍ പറഞ്ഞത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമയുടെ പരാജയത്തില്‍ നിര്‍മാതാവ് ആദിത്യ ചോപ്ര അക്ഷയ് കുമാറിനെ വിമര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുകൊണ്ടാണ് മാധവന്റെ പരാമര്‍ശം അക്ഷയ് കുമാറിനെ കുറിച്ചാണെന്ന ചര്‍ച്ചകള്‍ക്ക് കാരണമെന്നും അഭിപ്രായമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in