'എന്റെ കരിയർ അവസാനിച്ചുവെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ അജിത് സാർ അടുത്തു വന്നു എനിക്ക് കൈ തന്നു'; ശിവകാർത്തികേയൻ

'എന്റെ കരിയർ അവസാനിച്ചുവെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ അജിത് സാർ അടുത്തു വന്നു എനിക്ക് കൈ തന്നു'; ശിവകാർത്തികേയൻ
Published on

'പ്രിൻസ്' എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ കരിയർ അവസാനിച്ചുവെന്ന് പലരും പറഞ്ഞിടത്തു നിന്നും ഉയർന്നു വരാൻ തനിക്ക് പ്രചോദനം നൽകിയത് നടൻ അജിത്താണ് എന്ന് ശിവകാർത്തികേയൻ. തന്റെ പുതിയ ചിത്രം അമരന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേയാണ് അജിത്തിൽ നിന്നും താൻ ഉൾക്കൊണ്ട ജീവിത പാഠത്തെക്കുറിച്ച് ശിവകാർത്തികേയൻ പ്രേക്ഷകരോട് പങ്കുവച്ചത്.

ശിവകാർത്തികേയൻ പറഞ്ഞത്:

പ്രിൻസിന്റെ പരാജയം ഞാൻ വിലയിരുത്തുകയായിരുന്നു. എന്റെ കരിയര്‍ തീര്‍ന്നെന്ന് ചിലര്‍ പറഞ്ഞു. ആ സമയത്ത് ഒരു ദീപാവലി ഗെറ്റ് ടുഗതറിന് എന്നെ ക്ഷണിച്ചിരുന്നു. അജിത്ത് സാറും അന്ന് അവിടെ ചടങ്ങിന് എത്തിയിട്ടുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ അദ്ദേഹം എനിക്ക് കൈ തന്നിട്ട് ആദ്യം എന്നോട് പറഞ്ഞത് വെൽകം ടു ദ ബിഗ് ലീഗ് എന്നാണ്. എനിക്ക് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. ഞാൻ അദ്ദേഹത്തെ നോക്കിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നിന്റെ വളര്‍ച്ചയില്‍ ആരെങ്കിലും അസ്വസ്ഥരായി തുടങ്ങിയിട്ടുണ്ടെങ്കിൽ നീ ബി​ഗ് ലീ​ഗിലാണെന്നാണ് അതിന്റെ അർത്ഥം എന്ന്. അപ്പോൾ എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അദ്ദേഹം എന്റെ സീനിയറാണ്. ആ അവസ്ഥയിൽ അദ്ദേഹത്തിന് എന്നെ വിളിച്ച് നീ ഇങ്ങനെ ചെയ്യണം അല്ലെങ്കിൽ അങ്ങനെ ചെയ്യണം എന്നൊക്കെ എളുപ്പത്തിൽ പറയാൻ സാധിക്കുമായിരുന്നു. പക്ഷേ അന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം എന്തെന്നാൽ ഒരു വിമർശനം നമുക്ക് എതിരെ വന്നാൽ അതെന്താണെന്നാണ് നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് എന്നാണ്. ഒരു സിനിമ നന്നായില്ല എന്നത് ശരിയായ വിമർശനമാണ്. ആ സിനിമയെ നമ്മൾ നന്നാക്കേണ്ടിയിരുന്നു എന്നാണ് അതിന് അർത്ഥം. എന്നാൽ നമ്മൾ തീർന്നു എന്നൊരാൾ പറഞ്ഞാൽ അത് വിശ്വസിക്കാൻ പാടില്ല. അദ്ദേഹത്തിൽ നിന്നും ഞാൻ ഉൾക്കൊണ്ട വലിയൊരു പാഠമായിരുന്നു അത്.

ഒക്ടോബർ 31 ദീപാവലി റിലീസ് ആയാണ് അമരൻ റിലീസിനെത്തുന്നത്. മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. സായ് പല്ലവിയാണ് അമരനിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്നത്. നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in