സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച് നടൻ അജിത്. അജിത് കുമാർ റേസിംഗ് എന്നാണ് അജിത് ടീമിന് നൽകിയിരിക്കുന്ന പേര്. അജിത് പുതിയ ടീം പ്രഖ്യാപിച്ച കാര്യം അദ്ദേഹത്തിന്റെ മാനേജർ കൂടിയായ സുരേഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആവേശകരമായ ഒരു പുതിയ സാഹസികതയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ചന്ദ്ര അറിയിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് അജിത് വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് റേസിംഗിലേക്ക് തിരിച്ചെത്തുന്നത്. ഫാബിയൻ ഡഫിയക്സ് ആണ് അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവർ. ദേശീയ മോട്ടോർസൈക്കിൾ ചാംപ്യൻഷിപ്പിലൂടെയാണ് അജിത് റേസിങ്ങിലേക്ക് കടന്നു വന്നത്. പിന്നീട് ദേശീയ സിംഗിൾ-സീറ്റർ റേസിങ് ചാംപ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാംപ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാംപ്യൻഷിപ്പ് തുടങ്ങിയവയിൽ അജിത് പങ്കെടുത്തിരുന്നു.
അഭിനയം പോലെ തന്നെ വാഹനങ്ങളോടും റേസിങ്ങിനോടുമുള്ള അജിത്തിന്റെ പ്രിയം ആരാധകർക്ക് പരിചിതമാണ്. അടുത്തിടെ റേസിങ്ങിൽ സജീവമാകുന്നതിന്റെ ഭാഗമായി അജിത് സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇപ്പോൾ സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സിനിമയിലും അജിത് ബൈക്ക്, കാർ ചേസിങ് സീനുകൾ ചെയ്യുന്നത്.
അജിത് കുമാര്‍ നായകനായി പുറത്തു വരാനിരിക്കുന്ന ചിത്രം വിടാമുയർച്ചിയാണ്. സിനിമയിലെ ഒരു ആക്ഷൻ രംഗം ചിത്രീകരണത്തിനിടെ അസർബൈജാനിൽ വച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് അപകടം നടന്നത്. 'തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി', എന്ന് ക്യാപ്ഷനോടെ സഹതാരം ആരവ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അജിത്തിന് അപകടത്തിൽ പരിക്കേറ്റിരുന്നു. അതേ സമയം വിടാമുയര്‍ച്ചിയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിത്രം 2024 ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.