അജഗജാന്തരത്തിലെ 'ആന' നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ റിലീസ് ദിവസം തിയേറ്ററില്‍

അജഗജാന്തരത്തിലെ 'ആന' നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ റിലീസ് ദിവസം തിയേറ്ററില്‍
Published on

ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങി. റിലീസ് ദിനത്തില്‍ അജഗജാന്തരത്തിലെ പ്രധാന കഥാപാത്രം സിനിമ തിയേറ്ററില്‍ എത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആന നടയ്ക്കല്‍ ഉണ്ണികൃഷ്ണനാണ് ഇടപ്പള്ളി വനിത-വിനീത തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് അജഗജാന്തരം. ആനയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നതും പ്രത്യേകതയാണ്.

ചിത്രത്തിലെ ആനയെ വെച്ചുള്ള ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. 'ആനയെ വെച്ച് സംവിധാനം ചെയ്യുന്നത് വലിയ ടാസ്‌കാണ്. അത് ഞാനെന്നല്ല ആര് സംവിധാനം ചെയ്താലും അങ്ങനെയാണ്. കാരണം ആന ഒരു വലിയ മൃഗമാണല്ലോ. ഇതിന് മുമ്പ് ആനയെ ദൂരെ നിന്ന് കാണുകയും ആസ്വദിക്കുകയും ആണല്ലോ ചെയ്തിട്ടുള്ളത്. പിന്നെ അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ എല്ലാ സീനിലും ആനയുണ്ട്. അപ്പോള്‍ നമ്മള്‍ വിചാരിച്ചു ആന വരട്ടെയെന്ന്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. കാരണം അത് അങ്ങോട്ട് നീങ്ങ് എന്ന് പറഞ്ഞാല്‍ തന്നെ നീങ്ങില്ലല്ലോ. നമ്മള്‍ ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കണം.' - എന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.

ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

Related Stories

No stories found.
logo
The Cue
www.thecue.in