'വിസാരണൈയ്ക്ക് ശേഷം പൊലീസിനെ കണ്ടാൽ പേടിയാകും, ജീവിതത്തിലും സിനിമയിലും അതിനൊരു രണ്ടാം ഭാ​ഗം ഉണ്ടാവരുതെന്നാണ് ആ​ഗ്രഹം'; അട്ടകത്തി ദിനേശ്

'വിസാരണൈയ്ക്ക് ശേഷം പൊലീസിനെ കണ്ടാൽ പേടിയാകും, ജീവിതത്തിലും സിനിമയിലും അതിനൊരു രണ്ടാം ഭാ​ഗം ഉണ്ടാവരുതെന്നാണ് ആ​ഗ്രഹം'; അട്ടകത്തി ദിനേശ്
Published on

'വിസാരണൈ' എന്ന ചിത്രത്തിന് ശേഷം പൊലീസിനെ കാണുന്നത് തന്നെ പേടിയായിരുന്നു എന്ന് നടൻ അട്ടകത്തി ദിനേശ്. നാല് വർഷത്തോളം ആ ഭയം ഉള്ളിലുണ്ടായിരുന്നു എന്നും സംസാരിക്കാൻ പോലും ബുദ്ധിമുട്ട് തോന്നിയിരുന്നു എന്നും അട്ടകത്തി ദിനേശ് പറയുന്നു. 'വിസാരണൈ' എന്ന സിനിമ സമൂഹത്തിൽ നടക്കുന്ന യാഥാർത്ഥ്യമാണ്. എന്നാൽ ആ സിനിമയ്ക്ക് രണ്ടാം ഭാ​ഗം വരുന്നില്ലേ എന്ന് പലരും ചോദിക്കുമ്പോൾ യാഥാർഥത്തിലും സിനിമയായും അത് രണ്ടാമതൊന്നു കൂടി സംഭവിക്കരുതേ എന്നാണ് താൻ ആ​ഗ്രഹിക്കുന്നത് എന്നും അട്ടകത്തി ദിനേശ് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അട്ടകത്തി ദിനേശ് പറഞ്ഞത്:

'വിസാരണൈ' എന്ന ചിത്രത്തിന് ശേഷം അതിന്റെ ഹാങ്ങ് ഓവർ പോലെ കാക്കി നിറമുള്ള വസ്ത്രമോ പൊലീസിനെയോ കണ്ടാൽ എനിക്ക് പേടിയാകാൻ തുടങ്ങിയിരുന്നു. അതിന് ശേഷമാണ് യോ​ഗയൊക്കെ ചെയ്ത് തുടങ്ങിയത്. നാല് വർഷത്തോളം എനിക്ക് അതുണ്ടായിരുന്നു. നന്നായി സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടിയിരുന്നു. വിസാരണൈയുടെ രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പലരും ചോ​ദിക്കാറുണ്ട്. അതിന്റെ ഫസ്റ്റ് പാർട്ട് എന്നത് തന്നെ ഇത്തരത്തിൽ ഇവിടെ സംഭവിക്കുന്നു എന്നത് കൊണ്ട് വന്നതാണ്. അതുപോലെ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ അത് ഇനി യഥാർത്ഥത്തിലും നടക്കാൻ പാടില്ല, സിനിമയായും നടക്കാൻ പാടില്ല എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, വെട്രി സാർ തന്നെ അതെനിക്ക് ഒന്നു കൂടി തന്നാലും എനിക്ക് അത് വേണ്ട, യഥാർത്ഥത്തിലും അത് വേണ്ട സാർ.

വെട്രിമാരൻ സംവിധാനം ചെയ്ത് അട്ടകത്തി ദിനേശ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വിസാരണൈ. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മിച്ചത്. പോലീസ് സ്‌റ്റേഷനിലും നീതിപീഠത്തിലുമായി യഥാര്‍ഥ ജീവിതത്തില്‍ നടന്നുവരുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ഒരുക്കിയത്. എം. ചന്ദ്രകുമാര്‍ അഥവാ ഓട്ടോ ചന്ദ്രന്‍ എന്ന ആൾ എഴുതിയ ലോക്കപ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ആന്ധ്രയിലെ ഗുണ്ടൂരില്‍ 13 ദിവസം പോലീസിന്റെ ക്രൂരപീഢനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈ എന്ന ചിത്രത്തിന് പ്രചോദനമായത്.

Related Stories

No stories found.
logo
The Cue
www.thecue.in