വാക്കു തര്‍ക്ക വിവാദത്തില്‍ കങ്കണ റണാവതിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍; മാപ്പ് പറഞ്ഞ് ഏക്ത കപൂര്‍  

വാക്കു തര്‍ക്ക വിവാദത്തില്‍ കങ്കണ റണാവതിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍; മാപ്പ് പറഞ്ഞ് ഏക്ത കപൂര്‍  

Published on

പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’യുടെ ഓഡിയോ ലോഞ്ചില്‍ മാധ്യമ പ്രവര്‍ത്തകനും നായിക കങ്കണ റണാവതും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തില്‍ മാപ്പു പറഞ്ഞ് നിര്‍മാതാവ് ഏക്ത കപൂര്‍. സംഭവത്തില്‍ കങ്കണ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ മാധ്യമ പ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്മയായ എന്റര്‍ടെയ്‌മെന്റ് ജേര്‍ണലിസ്റ്റ് ഗില്‍ഡ് ഓഫ് ഇന്ത്യ കത്തു നല്‍കിയിരുന്നു. കങ്കണയുടെ പെരുമാറ്റം ചേരാത്തതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അശുഭകരമായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും അതില്‍ നിര്‍മാതാക്കളെന്ന നിലയില്‍ മാപ്പു ചോദിക്കുകയാണെന്നും ഏക്ത കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. നടന്ന സംഭവങ്ങള്‍ ചിത്രത്തിന്റെ റിലീസിനെ മോശമായി ബാധിക്കരുതെന്നും ഏക്ത കപൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കങ്കണയുടെ സഹോദരി രംഗോലി താരം മാപ്പു പറയില്ലെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകനോട് മോശമായി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ഏക്ത കപൂറിനും കത്തയച്ചിരുന്നു. കങ്കണയെ മാത്രമാണ് ബഹിഷ്‌കരിക്കുക എന്നും ചിത്രത്തെ മറ്റൊരു തരത്തിലും നടപടി ബാധിക്കില്ലെന്നും കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ഞായറാഴ്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ‘മണികര്‍ണിക: ദ ക്വീന്‍ ഓപ് ഝാന്‍സി’ എന്ന ചിത്രത്തെക്കുറിച്ച് മോശമായി എഴുതി എന്നാരോപിച്ച് കങ്കണ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റാവുവിനോട കങ്കണ തര്‍ക്കിക്കുകയായിരുന്നു. ആരോപണം റാവു നിഷേധിച്ചെങ്കിലും കങ്കണ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. നിര്‍മാതാവ് ഏക്താ കപൂറും ചിത്രത്തിലെ നായകനായ രാജ്കുമാര്‍ റാവുവും വേദിയിലിരിക്കുകയായിരുന്നു സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് ട്വിറ്ററില്‍ കങ്കണയ്‌ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കങ്കണ മാപ്പു പറഞ്ഞില്ലെങ്കില്‍ ബോയ്‌കോട്ട് ചെയ്യണമെന്നായിരുന്നു വിമര്‍ശനം. സംഭവത്തിന് തൊട്ടു പിന്നാലെയാണ് എന്റര്‍ടെയ്‌മെന്റ് ജേര്‍ണലിസ്റ്റ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്ന് സംഘടനയും രൂപം കൊണ്ട്ത്. ജൂലായ് 26നാണ് ചിത്രം റിലീസ് ചെയ്യുക.

logo
The Cue
www.thecue.in