മാപ്പു പറയാന്‍ വിളിച്ചത് മറ്റുദ്ദേശ്യത്തോടെ, തിലകന്റെ മരണശേഷം സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, സോണിയ തിലകന്‍

മാപ്പു പറയാന്‍ വിളിച്ചത് മറ്റുദ്ദേശ്യത്തോടെ, തിലകന്റെ മരണശേഷം സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, സോണിയ തിലകന്‍
Published on

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി തിലകന്റെ മകള്‍ സോണിയ തിലകന്‍. അച്ഛനെ പുറത്താക്കിയതില്‍ മാപ്പ് പറയണം എന്ന ആവശ്യവുമായി ഒരു പ്രമുഖന്‍ തന്നോട് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും പിന്നീടുള്ള മെസേജുകളില്‍ നിന്നും അയാളുടെ ഉദ്ദേശ്യം ശരിയായിരുന്നില്ല എന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതായും സോണിയ പറയുന്നു. സംഘടനയ്ക്കുള്ളില്‍ മാഫിയയും ഗുണ്ടായിസവും ഉണ്ടെന്ന് തുറന്നു പറഞ്ഞതിനാണ് അന്ന് അച്ഛനെ സംഘടന വിലക്കിയത്. എന്നാല്‍ അതേ സംഘടന പിന്നീട് ഇതിലും വലിയ തെറ്റ് ചെയ്ത ആളുകളെ നിലനിര്‍ത്തുന്ന കാഴ്ചയും നമ്മള്‍ കണ്ടതാണ്. തന്റെ അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആ ആര്‍ജ്ജവം എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഇല്ലാതെ പോയതെന്നും സോണിയ മാധ്യമങ്ങളോട് ചോദിച്ചു.

സോണിയ തിലകന്‍ പറഞ്ഞത്:

സിനിമയ്ക്ക് അകത്തുള്ള വ്യക്തികള്‍ എത്രത്തോളം അനുഭവിക്കുന്നു. സിനിമയ്ക്ക് പുറത്തുള്ള ആളായ എനിക്ക് മെസേജുകളും റൂമിലേക്ക് ചെല്ലാനുള്ള വിളികളും വന്നിട്ടുണ്ടെങ്കില്‍ സിനിമയ്ക്ക് അകത്തുള്ള പുതുമുഖങ്ങള്‍ക്കും വലിയ വലിയ നടിമാര്‍ക്കും എന്തൊക്കെ അനുഭവിക്കുന്നുണ്ടാവും. അതൊക്കെ ആ റിപ്പോര്‍ട്ടില്‍ ഉണ്ട്. അവര്‍ക്കുണ്ടായ അതേ പ്രശ്‌നം തന്നെ ഇതിന് പുറത്തുള്ളൊരു വ്യക്തിയായ എനിക്കും ഉണ്ടായി എന്നുള്ളത് കാണിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

അച്ഛനെ പുറത്താക്കിയതില്‍ എനിക്ക് അച്ഛനോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടാണ് അയാള്‍ വിളിച്ചത്. എനിക്ക് മോളോട് സംസാരിക്കണം എന്നാണ് അയാള്‍ പറഞ്ഞത്. എന്നെ മോള്‍ എന്നാണ് അയാള്‍ വിളിച്ചത്. കാരണം ഞാന്‍ ചെറുപ്പം മുതല്‍ക്കേ കണ്ടിട്ടുള്ള ഒരാളാണ് അത്. നമുക്ക് അത് ഫോണിലൂടെ പറഞ്ഞാല്‍ പോരെ അതിന് നേരിട്ട് കാണേണ്ടല്ലോ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അയാളുടെ ഉദ്ദേശ്യം ശരിയായിരുന്നില്ല എന്ന് പിന്നീട് വന്ന മെസേജസിലൂടെ എനിക്ക് ബോധ്യപ്പെട്ടു.

എന്തുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് മുമ്പ് പുറത്ത് പറഞ്ഞില്ല?

എന്റെ അച്ഛന്‍ പറഞ്ഞിട്ട് മുഖവിലയ്ക്ക് എടുക്കാത്ത കാര്യം ഞാന്‍ വന്നു പറഞ്ഞാല്‍ ആരാണ് മുഖവിലയ്ക്ക് എടുക്കുക? ഇപ്പോള്‍ ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. തെളിവില്ലാതെ എന്തായാലും അതില്‍ എഴുതില്ലല്ലോ? അപ്പോള്‍ മാത്രമാണ് എനിക്ക് ഇതിനെക്കുറിച്ച് പറയാനുള്ള ഒരു അവസരം ഉണ്ടായത്.

എന്തുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നത്?

എന്തുകൊണ്ടാണ് ഇതില്‍ ഇരയായ പെണ്‍കുട്ടികളുടെ മൊഴി ജസ്റ്റിസ് തന്നെ ടൈപ്പ് ചെയ്യേണ്ടി വന്നത്? ഒരു സ്‌റ്റൈനോഗ്രാഫറിന് പോലും ടൈപ്പ് ചെയ്യാന്‍ കൊടുക്കാതെ കോണ്‍ഫിഡന്‍ഷ്യലായി എന്തുകൊണ്ട് വയ്ക്കുന്നു? ഇവര്‍ക്ക് അതിന് മുകളിലുള്ള ആധിപത്യം. എല്ലാ മേഖലയിലും ഇവര്‍ വിചാരിച്ചാല്‍ അവരെ ഒതുക്കാം എന്നുള്ള ആധിപത്യം. എന്റെ കാര്യത്തില്‍ അച്ഛന്‍ അതിന് എതിരെ പരാതി നല്‍കാനുള്ള സജ്ജീകരണത്തിലായിരുന്നു. പരാതികള്‍ ഒക്കെ എഴുതി വച്ചിരുന്നു.

സംഘടനയ്ക്കുള്ളിലെ പുഴുക്കുത്തുകളെക്കുറിച്ച് പുറത്തു പറഞ്ഞതിനാണ് അച്ഛനെ സംഘടന വിലക്കിയത്. സംഘടനയില്‍ മാഫിയ ഉണ്ട്, ഗുണ്ടായിസമുണ്ട്, അംഗങ്ങളുടെ വെല്‍ഫെയറിന് വേണ്ടിയുള്ളതല്ല, അമ്മ എന്ന സംഘടന ഒരു കോടാലിയാണ് എന്ന് മാധ്യമങ്ങളോട് ആ കാലഘട്ടത്തില്‍ തുറന്നു പറഞ്ഞതിനാണ് സംഘടനാ വിഷയം പുറത്തു പറഞ്ഞു എന്ന പേരില്‍ അച്ഛനെതിരെ അന്ന് നടപടിയുണ്ടായത്. അതിലും വലിയ വിഷയങ്ങള്‍ ചെയ്ത ആള്‍ക്കാരെ പിന്നീട് സംഘടന നിലനിര്‍ത്തുന്ന കാഴ്ചയും നമ്മള്‍ കണ്ടു. ഈ വിഷയത്തില്‍ പോലും ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഇതിനുള്ളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് വന്നിട്ട് പോലും വ്യക്തമായ രീതിയില്‍ പ്രതികരിക്കാന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി തയ്യാറാകുന്നില്ല. അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്തുകൊണ്ട് ഇവര്‍ ഈ വിഷയങ്ങളില്‍ കാണിച്ചില്ല? ഈ ഇരട്ടത്താപ്പിനെക്കുറിച്ച് ഒരിക്കല്‍ ചോദ്യം ചെയ്തതാണ്. 2010ന് മുമ്പ് തന്നെ അച്ഛന് സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അച്ഛന് തുടര്‍ച്ചയായി അവാര്‍ഡ് കിട്ടിയപ്പോള്‍ ആ അവാര്‍ഡ് കുത്തക പൊളിക്കേണ്ടേ എന്ന് പറഞ്ഞു കൊണ്ട് ഒരു മൂന്നാല് പേര് ചേര്‍ന്ന് കൂടിയ സംഘടനയാണ് പിന്നീട് അമ്മ എന്ന സംഘടനയായി മാറിയത്. എല്ലാവരെയും അവരുടെ നിയന്ത്രണത്തില്‍ കൊണ്ടു വരിക എന്നതാണ് ആ സംഘടനയുടെ പ്രധാനപ്പെട്ട അജണ്ട. ആ പതിനഞ്ച് അംഗ കമ്മറ്റിയാണ് അത് ചെയ്യുന്നത്. ഇപ്പോള്‍ അവരുടെ പേര് പുറത്തു പറയുന്നത് ഉചിതമല്ലെന്നാണ് ഞാന്‍ കരുതുന്നത്. സോണിയ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in