രജിനികാന്ത് ചിത്രം കൂലിക്ക് ശേഷം വരുന്ന സിനിമ ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ഒരു പീക്ക് സിനിമ തന്നെ ആയിരിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. 'കൂലി' ക്ക് ശേഷം എത്തുന്ന ചിത്രത്തിൽ ഇതുവരെയുള്ള തന്റെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളുമുണ്ടാകുമെന്നും ലോകേഷ് പറയുന്നു. കമൽ ഹാസൻ ചിത്രം 'വിക്രം' ഒരു എനർജിയോടെ അവസാനിപ്പിക്കണമെന്നുള്ളതുകൊണ്ടാണ് ക്ലൈമാക്സിൽ റോളക്സിനെ അവതരിപ്പിച്ചതെന്നും കൂലി' എൽസിയുവിൽ ഉൾപ്പെടുന്ന ഒരു സിനിമയായിരിക്കില്ലെന്നും നീലം സോഷ്യൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ മാസ്റ്റർ ക്ലാസ് ഡിസ്കഷനിൽ ലോകേഷ് കനകരാജ് പറഞ്ഞു.
ലോകേഷ് കനകരാജ് പറഞ്ഞത്:
ഒരു സിനിമ അവസാനിപ്പിക്കുമ്പോൾ അതൊരു ആവേശത്തിൽ അവസാനിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടായിയിരുന്നു ആ റോളക്സ് സീൻ. ആ സിനിമ ഉണ്ടാക്കുമ്പോൾ തന്നെ ഈ യൂണീവേഴ്സിന്റെ എല്ലാം ഐഡിയയും എനിക്ക് ഉണ്ടായിരുന്നു. കൈതി 2 വിക്രം 2 എന്നീ സിനിമകൾ എല്ലാം ചെയ്യുമ്പോൾ അതിൽ റോളക്സ് പോലെ കഥാപാത്രം വന്നാൽ എങ്ങനെയിരിക്കുമെന്ന് ഒരു കൗതുകം തോന്നി. റോളക്സിന് വേണ്ടി മാത്രം ഒരു സിനിമ എഴുതാം എന്നാണ് ആദ്യം കരുതിയത്. ഞാൻ ഇപ്പോൾ ചെയ്യുന്ന കൂലി എന്ന ചിത്രം എൽസിയുവിൽ ഉൾപ്പെടുന്ന സിനിമയല്ല. എന്നാൽ അതിന് ശേഷം ചെയ്യുന്നത് എൽസിയുവിലെ ഒരു പീക്ക് സിനിമ ആയിരിക്കും. ഇതുവരെ വന്ന എല്ലാ കഥാപാത്രങ്ങളും അതിലുണ്ടാകും.
കാർത്തിയെ നായകനാക്കി 'കൈതി'യുടെ രണ്ടാം ഭാഗമായ 'കൈതി 2' ആണ് ഇനി എൽസിയുവിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ ചിത്രമാകും ലോകേഷ് പറഞ്ഞ എൽസിയുവിലെ പീക്ക് സിനിമയെന്നാണ് ഇപ്പോഴുള്ള ചർച്ചകൾ. 2025ൽ 'കൈതി' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ലോകേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് കൈതി 2 ആയിരിക്കും ആ പീക്ക് ചിത്രം എന്ന ആരാധകരുടെ കണ്ടെത്തലിന് കാരണം.
രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. രജിനികാന്തിന്റെ അഭിനയ ജീവിതത്തിലെ 171-മത് ചിത്രമാണ് ഇത്. ലിയോ' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കൂലി. ജയിലറിന് ശേഷം രജിനികാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ഇത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ഗിരീഷ് ഗംഗാധരനായിരുന്നു.