തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ലെന്ന് പ്രയാഗയോട് പറഞ്ഞത് താനാണെന്ന് നടൻ സാബുമോൻ. നിയമപരമായ കാര്യങ്ങളിൽ സഹായിക്കുന്നതിനാണ് പ്രയാഗയ്ക്കൊപ്പം പോലീസ് സ്റ്റേഷനിൽ പോയത്. താൻ അഭിനയിച്ച 'വേട്ടയൻ' റിലീസായ അവസരത്തിൽ ഈ വിഷയത്തിൽ ഇടപെടണോ എന്ന് ചിലർ ചോദിച്ചു. പ്രയാഗ കുടുംബ സുഹൃത്താണ്, ഒപ്പം നിന്നതിൽ ഒരു തെറ്റും തോന്നുന്നില്ല. മാധ്യമങ്ങൾക്ക് കൊടുക്കുന്ന മറുപടി പൊതു സമൂഹത്തിനുള്ള മറുപടിയാണ്. അതുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ലന്ന് പ്രയാഗയോട് പറഞ്ഞുവെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സാബുമോൻ പറഞ്ഞു. ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിമരുന്ന് കേസിൽ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും കൊച്ചി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പ്രയാഗയുടെ മൊഴി തൃപ്തികരമാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
സാബുമോൻ പറഞ്ഞത്:
നിയമപരമായ സഹായത്തിനാണ് പ്രയാഗയ്ക്കൊപ്പം പോലീസ് സ്റ്റേഷനിൽ പോയത്. സിനിമ ഇറങ്ങിയ അവസ്ഥയിൽ ഇതിന്റെ ആവശ്യമുണ്ടോ എന്ന് എല്ലാവരും ചോദിച്ചു. ഞാനും പ്രയാഗയും കുടുംബ സുഹൃത്തുക്കളാണ്. ലഹരിമരുന്ന് എന്ന വാക്കുമായി ബന്ധപ്പെടുത്തി പറയുക എന്നുള്ളത് ആളുകൾക്ക് ഇടപെടാൻ ഭയമുള്ള കാര്യമാണ്. നമ്മളുടെ സുഹൃത്തിന് ഇതുപോലെ ഒരു സംഭവം വരുമ്പോൾ ഇമേജിനെ കുറിച്ച് ഓർത്ത് മാറി നിൽക്കണോ അതോ അവരുടെ ഒപ്പം നിൽക്കണോ എന്നുള്ളതാണ് ആലോചിക്കുക. ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ലന്ന് അവർ തന്നെ പറയുന്നുണ്ടായിരുന്നു. കോൾ ട്രേസ് ചെയ്യുമോ എന്ന ഭയം ഒക്കെ ഉള്ളതുകൊണ്ടാവാം. അതിന്റെ നിയമ വശങ്ങൾ കൂടെ നോക്കേണ്ടതുണ്ട്. അതിന് കൃത്യമായ വ്യക്തി ഞാനാണ്. ഞാൻ ചെല്ലാതിരിക്കുന്നത് ഒട്ടും ശരിയായ കാര്യമായിരിക്കില്ല. അതുകൊണ്ട് ഞാൻ ധൈര്യപൂർവ്വം ചെന്ന് നിന്നു.
അതെല്ലാം ഒരുപക്ഷെ ഓൺലൈനിൽ ഇനി ആരോപണങ്ങളായി വരാം. ഞാൻ അഭിഭാഷകനാണെന്നുള്ള കാര്യം അധികം ആളുകൾക്ക് അറിയില്ല. അതുകൊണ്ട് തന്നെ പ്രയാഗയ്ക്കൊപ്പം നിന്നതിൽ ഒരു തെറ്റും തോന്നുന്നില്ല. വേട്ടയൻ റിലീസാവുന്ന അന്ന് തന്നെയാണ് പ്രയാഗയോട് ഹാജരാകാൻ പറയുന്നതും. മുഖം മറച്ച്, തല മറച്ച് ഓടി രക്ഷപ്പെടേണ്ട കാര്യമില്ല എന്ന് ഞാനാണ് പ്രയാഗയോട് പറഞ്ഞത്. തെറ്റ് ചെയ്യാത്തിടത്തോളം മാധ്യമ പ്രവർത്തകർക്കുള്ള മറുപടി നമുക്ക് കൊടുക്കാം എന്നും പറഞ്ഞു. കാരണം മാധ്യമങ്ങൾക്ക് കൊടുക്കുന്ന മറുപടി പൊതു സമൂഹത്തിനു കൊടുക്കുന്ന മറുപടിയാണ്. സമൂഹത്തിലെ ഒരാളുടെ ഉള്ളിൽ ഉണ്ടാകുന്ന ചോദ്യങ്ങളാണല്ലോ മാധ്യമങ്ങൾ ചോദിക്കുക. തെറ്റ് ചെയ്യാത്തിടത്തോളം അതിൽ നിന്നു ഒളിച്ചോടേണ്ട കാര്യമില്ലല്ലോ.