ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍, കൂടുതല്‍ ഭാഗങ്ങള്‍ സർക്കാർ ഒഴിവാക്കിയെന്ന് ആരോപണം. ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്ന്, വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകരെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തത നൽകാതെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കിയെന്നാണ് പുതിയ വിവാദം. 48-ാം പേജിലെ 93-ാം പാരഗ്രാഫില്‍ മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികളില‍് നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാമർശമുണ്ടെന്നാണ് വാദം. അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഉൾപ്പെടെ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അഡ്വ.ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പാരഗ്രാഫ് 96 ഉം, 165 മുതൽ 196 വരെ യും Appendix ഉം ഒഴികെ ബാക്കിയെല്ലാം പുറത്തുവിടാമെന്നു RTI കമ്മീഷന്റെ വിധി ജൂലൈ 5 ന്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അത് ഏതാണെന്നു തീരുമാനിച്ച് പട്ടികയുണ്ടാക്കി അപേക്ഷകർക്ക് നൽകണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷൻ വിധിയിൽ പറഞ്ഞു. വിധി അനുസരിച്ച് ഒഴിവാക്കേണ്ട ഭാഗങ്ങളുടെ പട്ടിക തയാറാക്കി സാംസ്‌കാരിക വകുപ്പ് SPIO ജൂലൈ 18 നു ഉത്തരവിറക്കുന്നു. അതിൽ റിപ്പോർട്ടിലെ 97 മുതൽ 108 വരെയുള്ള പാരഗ്രാഫുകൾ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലില്ല. മറിച്ച് അവ നൽകുമെന്ന് തീരുമാനിച്ച ഭാഗത്തിലാണ്. ഹൈക്കോടതിയിൽ കേസാവുന്നു വിവാദമാവുന്നു. ഒരു മാസത്തിനു ശേഷം സർക്കാർ ആഗസ്റ്റ് 19 നു റിപ്പോർട്ടിന്റെ കോപ്പി പുറത്തുവിടുന്നു. പുറത്തുവിട്ട റിപ്പോർട്ടിൽ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണ്. "മുന്നിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുൻപാകെ പറയപ്പെട്ടു" എന്നതാണ് 96 ആം പാര. ഇതാണ് മറയ്ക്കണമെന്നു കമ്മീഷൻ പറഞ്ഞത്. എന്തിന്? ഇതിലെന്ത് സ്വകാര്യത? അപ്പോൾ സ്വകാര്യതയുടെ പേരിൽ സർക്കാർ മറച്ച പാരഗ്രാഫുകളുടെ കാര്യത്തിലും സംശയം ഉണ്ടാവുന്നു.