നായകനല്ല നായകന്റെ സഹോദരനാണെന്ന് പറഞ്ഞിട്ടും മമ്മൂട്ടി അഭിനയിച്ചു, മറ്റുള്ള നടന്മാര്‍ക്ക് മാതൃക: അടൂര്‍

നായകനല്ല നായകന്റെ സഹോദരനാണെന്ന് പറഞ്ഞിട്ടും മമ്മൂട്ടി അഭിനയിച്ചു, മറ്റുള്ള നടന്മാര്‍ക്ക് മാതൃക: അടൂര്‍
Published on

മറ്റു നടന്മാര്‍ക്ക് മാതൃകയാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വലിയ താരമൂല്യമുള്ള നടനായിരുന്നിട്ടും തന്റെ സിനിമയില്‍ നായകന്റെ സഹോദരനായി മമ്മൂട്ടിയെത്തിയെന്നും അടൂര്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ അനന്തരം എന്ന സിനിമയില്‍ മമ്മൂട്ടിയെ അഭിനയിക്കാന്‍ വിളിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

അനന്തരത്തിലെ നടന്‍ അശോകനായിരുന്നു. വലിയ താരമായ മമ്മൂട്ടിയെ അശോകന്റെ ചേട്ടന്റെ വേഷം ചെയ്യാനാണ് വിളിച്ചത്. മമ്മൂട്ടി ആ വേഷം ചെയ്യാന്‍ സമ്മതിച്ചുവെന്ന് അടൂര്‍ പറഞ്ഞു.

'എന്റെ അനന്തരം എന്ന സിനിമയിലാണ് മമ്മൂട്ടിയെ ഞാന്‍ ആദ്യമായി അഭിനയിക്കാന്‍ വിളിക്കുന്നത്. ആ സമയത്ത് അദ്ദേഹം വളരെ താരമൂല്യമുള്ള നടനായിരുന്നു. പക്ഷെ എന്റെ സിനിമയില്‍ പ്രധാന നടന്‍ ശരിക്കും അശോകനാണ്. അശോകന്‍ അന്ന് വലിയ താരമൊന്നും ആയിട്ടില്ല. എന്നാല്‍ മമ്മൂട്ടി അന്നൊരു താരമാണ്. അങ്ങനെ ഞാന്‍ മമ്മൂട്ടിയോട് കൃത്യമായി തന്നെ പറഞ്ഞു, ഇത് നായകന്റെ റോളല്ല. നായകന്റെ സഹോദരന്റെ റോളാണ് എന്നാല്‍ വളരെ പ്രധാനപ്പെട്ട റോളാണെന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു അതൊന്നും പ്രശ്നമല്ല. എനിക്ക് ഈ പടത്തില്‍ അഭിനയിക്കണം എന്നതാണ് പ്രധാനം എന്ന്,' അടൂര്‍ പറഞ്ഞു.

മമ്മൂട്ടി ഇത്തരത്തില്‍ ഒരു തുറന്ന മനോഭാവം കാണിച്ചതിനാല്‍ തന്നെ എന്റെ പിന്നീടുള്ള രണ്ട് സിനിമകളില്‍ നായകന്റെ വേഷത്തില്‍ മമ്മൂട്ടി തന്നെ അഭിനയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി തന്റെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും പാലിച്ചു പോരുന്ന അച്ചടക്കം മാതൃകാപരമാണ്. അദ്ദേഹത്തിന്റെ ശരീരത്തെ സൂക്ഷിക്കുന്ന രീതിയിലും ആ അച്ചടക്കം പൂര്‍ണ്ണമായും ഉണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതാണ് തന്റെ ഉപകരണം എന്ന് മനസിലാക്കി എത്രയോ കാലമായി ശരീരത്തെ ഒരേപോലെ കൊണ്ട് നടക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് അദ്ദേഹം മറ്റു നടന്മാര്‍ക്ക് മാതൃകയാണെന്ന് പറഞ്ഞതെന്നും അടൂര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in