'മുല്ലപ്പൂ വെച്ച് കഴിഞ്ഞപ്പോൾ തന്നെ തുമ്മാൻ തുടങ്ങി' ; ജവാനല്ല ശരിക്കും മുല്ലപ്പൂവ് അലർജ്ജി ജയശ്രീ ടീച്ചർക്കാണെന്ന് ശിവദ

'മുല്ലപ്പൂ വെച്ച് കഴിഞ്ഞപ്പോൾ തന്നെ തുമ്മാൻ തുടങ്ങി'
; ജവാനല്ല ശരിക്കും മുല്ലപ്പൂവ് അലർജ്ജി ജയശ്രീ ടീച്ചർക്കാണെന്ന് ശിവദ
Published on

നവാഗതനായ രഘു മേനോന്‍ സംവിധാനം ചെയ്യത് മാര്‍ച്ച് 31 മുതല്‍ തിയ്യേറ്ററുകളില്‍ എത്തുന്ന സിനിമയാണ് "ജവാനും മുല്ലപ്പൂവും" ശിവദ, സുമേഷ്, രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്, ബാലാജി ശര്‍മ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2 ക്രിയേറ്റീവ് മൈന്‍ഡ്സിൻ്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയ്ക്ക് "ജവാനും മുല്ലപ്പൂവു"മെന്ന് പേരുവരാൻ കാരണം ഇതിലെ ജവാനും ഭാര്യ ജയശ്രീ ടീച്ചറും രണ്ടുസ്വഭാവക്കാരാണ്. മാത്രമല്ല ജയശ്രീ ടീച്ചർക്ക് മുല്ലപ്പൂവ് ഭയങ്കര ഇഷ്ടവുമാണ്. പക്ഷെ ജയശ്രീ ടീച്ചറായി ചിത്രത്തിൽ വേഷമിടുന്ന ശിവദയ്ക്ക് മുല്ലപ്പൂവ് അലർജ്ജിയാണ്. "മുൻപ് മുല്ലപ്പൂവ് തലയിൽ വയ്ക്കുമ്പോൾ തലവേദന വരുമായിരുന്നു ഇപ്പോൾ അതുമാറി തുമ്മലായി. കുഞ്ഞിലെയൊക്ക തലവേദന വരുമ്പോൾ അറിയില്ലായിരുന്നു മുല്ലപ്പൂവ് കാരണമാണ് തലവേദന വരുന്നതെന്ന്. സിനിമയുടെ ഫോട്ടോഷൂട്ടിന് ആദ്യം വരുമ്പോൾ ആർക്കും അറിയില്ലായിരുന്നു മുല്ലപ്പൂവ് അലർജ്ജിയാണെന്ന്. ഫോട്ടോഷൂട്ടിന് ഒരു ഫോട്ടോ മുല്ലപ്പൂവ് മണപ്പിക്കുന്നതായിരുന്നു. അടുത്തത് തലനിറയെ പൂവ് വച്ച കല്യാണ പെണ്ണായിട്ടുള്ളത്. മുല്ലപൂവിൻ്റെ മണം വന്നപ്പോൾ തുമ്മാനായിട്ട് തുടങ്ങി,"ശിവദ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുല്ലപ്പൂവ് അലര്‍ജിയുള്ള ഒരു ജവാൻ്റെയും അയാളുടെ കുടുംബത്തിൻ്റെയും കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. മഴവിൽ മനോരമയിലെ "തകർപ്പൻ കോമഡി" എന്ന ഷോയിലൂടെയും "ദൃശ്യം 2"വിലൂടെയും ശ്രദ്ധേയനായ സുമേഷ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ജവാനും മുല്ലപ്പൂവും.

ഛായാഗ്രഹണം ഷാൽ സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, എഡിറ്റർ സനൽ അനിരുദ്ധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാളവിക എസ് ഉണ്ണിത്താൻ, മേക്കപ്പ് പട്ടണം ഷാ, സൗണ്ട് ഡിസൈൻ ചാൾസ്, പി.ആർ.ഒ പി.ശിവപ്രസാദ്, വി.എഫ്.എക്സ് ജിഷ്ണു പി ദേവ്

Related Stories

No stories found.
logo
The Cue
www.thecue.in