'സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ ഭാമ, സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടം'; രേവതി

'സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ ഭാമ, സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടം'; രേവതി
Published on

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി നടി രേവതി. സിനിമാ മേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ടെന്ന് രേവതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ ഭാമ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പോസ്റ്റില്‍ രേവതി ചോദിക്കുന്നു.

'അക്രമത്തെ അതിജീവിച്ച നടി നീതി ലഭിക്കാന്‍ ഈ വര്‍ഷങ്ങളത്രയും കടന്നുപോയത് ദുഷ്‌കരമായ സമയങ്ങളിലൂടെയാണ്. എല്ലാ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നതിനുള്ള ഒരു തുടക്കമാകും ഇത്. അതിജീവിച്ച ഒരാള്‍ പരാതി നല്‍കുമ്പോള്‍, അവരുടെ ജീവിതത്തിലും കുടുംബത്തിലും എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാത്തതെന്താണ്?', രേവതി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും പിന്‍വലിയുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച് ജോലി ചെയ്തതിന്റെയും ഓര്‍മ്മ അപ്പോള്‍ ആര്‍ക്കുമില്ല.

പ്രസിദ്ധമായ പക്ഷെ ഈ ദിവസങ്ങളില്‍ അതികം സംസാരിക്കാത്ത, 2017ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കറും നേരത്തെ കൂറുമാറിയിരുന്നു. അവരില്‍ നിന്ന് കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലാക്കാം, പക്ഷെ ഭാമ? ഒരു സുഹൃത്ത് ആയിരുന്നിട്ടും സംഭവ ശേഷം പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവര്‍ നിഷേധിക്കുന്നു.

അക്രമത്തെ അതിജീവിച്ച നടി നീതി ലഭിക്കാന്‍ ഈ വര്‍ഷങ്ങളത്രയും കടന്നുപോയത് ദുഷ്‌കരമായ സമയങ്ങളിലൂടെയാണ്. എല്ലാ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നതിനുള്ള ഒരു തുടക്കമാകും ഇത്. അതിജീവിച്ച ഒരാള്‍ പരാതി നല്‍കുമ്പോള്‍, അവരുടെ ജീവിതത്തിലും കുടുംബത്തിലും എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാത്തതെന്താണ്? അവളോടൊപ്പം ഉണ്ടായിരുന്നവര്‍ ഇപ്പോഴും അവളോടൊപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in