കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്ന് നടി നവ്യ നായർ. അയല്‍പക്കക്കാര്‍ എന്ന നിലയില്‍ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നവ്യയുടെ കുടുംബം വ്യക്തമാക്കി. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ അന്വേഷിക്കവേയാണ് മറുപടി.
മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നും സച്ചിൻ സാവന്തിനെക്കുറിച്ച് നവ്യ നായർ ഇഡിക്ക് മൊഴി നൽകി. ഫോൺ മാർഗമാണ് ഇഡി മൊഴി രേഖപ്പെടുത്തിയത്. മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ നവ്യ പലവട്ടം സച്ചിൻ സാവന്തിന് സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്നും നവ്യ നായരുടെ കുടുംബം പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഐആര്‍എസ് ഉദ്യോഗസ്ഥനായ സച്ചിന്‍ സാവന്തിന്‍റെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവ്യാ നായരുടെ മൊഴി ഉള്‍പ്പെടുത്തി ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലക്‌നൗവില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായിരിക്കെയാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റുചെയ്യുന്നത്. അതിന് മുന്‍പ് മുംബൈയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് സാവന്തിന് എതിരായ കേസ്.