ബലാത്സംഗങ്ങൾ ആഘോഷിക്കപ്പെടേണ്ടതല്ല, സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ വിവാദമായ 'വാസു അണ്ണൻ' ട്രോളുകളോടാണ് നടി മന്യയുടെ പ്രതികരണം. 2002ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം 'കുഞ്ഞിക്കൂനനി'ലെ സായ്കുമാർ ചെയ്ത വില്ലൻ കഥാപാത്രത്തേയും നടി മന്യയേയും ചേർത്ത് വെച്ചുളളതായിരുന്നു ട്രോളുകൾ. ഒരു റേപ്പിസ്റ്റിനേയും റേപ്പ് ചെയ്യപ്പെട്ട നായികയേയും വിവാഹം കഴിപ്പിക്കുക, അവരിൽ പ്രണയം കണ്ടെത്തുക തുടങ്ങിയ തമാശകൾക്ക് എതിരെ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധം.
റേപ്പ് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്, അത് പിന്തുണയ്ക്കപ്പെടാൻ പാടില്ല. ബലാത്സംഗം ലളിതമായി കാണേണ്ടതോ തമാശയാക്കേണ്ടതോ ന്യായീകരിക്കപ്പെടേണ്ടതോ അല്ലെന്ന് മന്യ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്യയുടെ പ്രതികരണം.
'ഉയിരിൻ ഉയിരേ എന്ന ഗാനം വച്ചുള്ള ഒരു ട്രോളാണ് ആദ്യം ഞാൻ കാണുന്നത്. കണ്ടപ്പോൾ ഒരു തമാശയായി മാത്രമേ തോന്നിയുള്ളൂ. റേപ്പ് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്, അതിനെ ഒരിക്കലും പിന്തുണയ്ക്കാൻ പാടില്ല. ഞാനൊരു സ്ത്രീയാണ്, എനിക്കൊരു മകളാണുള്ളത്. നമുക്കെല്ലാവർക്കും ഒരു കുടുംബമുണ്ട്. എന്റെ ഭർത്താവോ കുടുംബമോ സിനിമാ മേഖലയുമായി ബന്ധമുള്ളവരല്ല. അതുകൊണ്ടുതന്നെ ട്രോളുകൾ അവരെ വേദനിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.' മന്യ പറയുന്നു.