'മമ്മൂട്ടിയും മോഹൻലാലും പോലെയുള്ള നടന്മാർ ഇനി ഉണ്ടാകില്ല, മലയാളത്തിന്റെ ഈ ​ഗോൾഡൻ എറ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി'- സിബി മലയിൽ

'മമ്മൂട്ടിയും മോഹൻലാലും പോലെയുള്ള നടന്മാർ ഇനി ഉണ്ടാകില്ല, മലയാളത്തിന്റെ ഈ ​ഗോൾഡൻ എറ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി'- സിബി മലയിൽ

Published on

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി മലയാള സിനിമയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല എന്ന് സംവിധായകൻ സിബി മലയിൽ. മോഹൻലാൽ അയാളുടെ ഇരുപതുകളുടെ അവസാനത്തിലും മുപ്പതിന്റെ തുടക്കത്തിലും ചെയ്തു വച്ച സിനിമകൾ ഇന്നത്തെ നടന്മാർക്ക് അവരുടെ മുപ്പതാമത്തെ വയസ്സിൽ സാധിക്കുന്നതല്ലെന്നും സിബി മലയിൽ പറഞ്ഞു. മോഹൻലാലിന്റെ പെര്‍ഫോമന്‍സ് അതേ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന യുവനടന്മാര്‍ ഇന്നില്ല. ഫഹദാണ് പിന്നെ നമുക്ക് അത്രയും റേ‍ഞ്ചിലേക്ക് കാണാൻ പറ്റുന്ന പ്രധാനപ്പെട്ട ഒരാൾ. മലയാളത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് ഇന്നത്തെ കാലഘട്ടത്തെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണ് എന്നും സിബി മലയിൽ പറയുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ മമ്മൂട്ടി ചെയ്തു വച്ച കഥാപാത്രങ്ങൾ ഒരേസമയം വ്യത്യസ്തവും ഞെട്ടിപ്പിക്കുന്നതുമാണെന്നും മലയാള സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത് മമ്മൂട്ടിയാണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു.

സിബി മലയിൽ പറഞ്ഞത്:

മമ്മൂട്ടിയെയും മോഹന്‍ലാലിനെപ്പോലെയും ദീര്‍ഘകാലം സിനിമയില്‍ നില്‍ക്കാന്‍ സാധ്യതയുള്ള നടന്മാര്‍ ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം അവരെപ്പോലെ ടാലന്റ് ഉള്ളവര്‍ ഇനി ഉണ്ടാകാന്‍ പോകുന്നില്ല. ഉദാഹരണം പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ അയാളുടെ 29-30 വയസില്‍ ചെയ്തുവെച്ച കിരീടം, ദശരഥം, ഭരതം, സദയം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇന്നത്തെ നടന്മാര്‍ക്ക് അവരുടെ 30ാം വയസില്‍ സാധിക്കില്ല. ആ പ്രായം കഴിഞ്ഞിട്ടാണ് അവര്‍ക്കൊക്കെ അത്തരം കഥാപാത്രങ്ങള്‍ കിട്ടുന്നത്. എന്റെ സിനിമകളെ ഉദാഹരണമായി എടുത്തത് അയാളുടെ ആ പെര്‍ഫോമന്‍സുകള്‍ നേരിട്ട് കണ്ടതുകൊണ്ടാണ്. ആ സിനിമകളിലെ അയാളുടെ പെര്‍ഫോമന്‍സ് അതേ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന യുവനടന്മാര്‍ ഇന്നില്ല. ഫഹദാണ് പിന്നെ നമുക്ക് അത്രയും റേ‍ഞ്ചിലേക്ക് കാണാൻ പറ്റുന്ന പ്രധാനപ്പെട്ട ഒരാൾ. ചിലപ്പോൾ അത്രയും സ്ട്രെങ്ത്തുള്ള കഥാപാത്രങ്ങൾ അവരിലേക്ക് എത്തുന്നുണ്ടാവില്ല. എത്തിയാൽ അവരും ചെയ്യുമായിരിക്കാം. പക്ഷേ ഈ ഒരു പ്രായത്തിൽ തന്നെ അവർ അത് ചെയ്തുവച്ചു കഴിഞ്ഞിരിക്കുന്നു.

ഇന്നത്തെ മലയാളത്തിന്റെ ​ഗോൾ‍ഡൻ എറ എന്ന് പറയുമ്പോൾ അതിനെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണ്. വളരെ കോൺട്രാസ്റ്റഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ തപ്പിയെടുത്ത് അദ്ദേഹം ചെയ്യുന്നു. മമ്മൂട്ടി കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ചെയ്ത കഥാപാത്രങ്ങൾ നോക്കൂ. അയാൾ മുമ്പ് ചെയ്തിട്ടുള്ള ഒരു കഥാപാത്രത്തിനെയും റിപ്പീറ്റ് ചെയ്യാൻ അയാൾ ശ്രമിച്ചിട്ടില്ല. പുഴു ആണെങ്കിലും റോഷാക്ക് ആണെ​ങ്കിലും കണ്ണൂർ സ്ക്വാഡ് ഇപ്പോൾ ഇറങ്ങിയ ഭ്രമയു​ഗം, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ എന്തൊരു വെറെെററ്റിയിലാണ് അയാൾ ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന ക്യാരക്ടർ സെലക്ഷൻസും പെർഫോമൻസുമല്ലേ? അത്തരം പരീക്ഷണങ്ങളിലൂടെ ഇതിനെ മുന്നോട്ട് കൊണ്ട് പോകുന്നത് മമ്മൂട്ടി തന്നെയാണ്.സിബി മലയിൽ പറഞ്ഞു.

logo
The Cue
www.thecue.in