സിനിമയുടെ തിരക്കഥ കേട്ട് താൻ ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്ന് നടൻ വിനായകൻ. തന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് വരെ ഒരു തിരക്കഥയും താൻ കേൾക്കില്ലെന്നും വിനായകൻ പറയുന്നു. തെക്ക് വടക്കിലെ മാധവൻ എന്ന കഥാപാത്രം വിദ്യാസമ്പന്നനാണ് എന്നതാണ് ആ കഥാപാത്രത്തിലേക്ക് ആകർഷിച്ച ഘടകം എന്നും കഥാപാത്രത്തിന്റെ ശരീരഭാഷ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും വിനായകൻ അഭിമുഖത്തിൽ പറഞ്ഞു.
വിനായകൻ പറഞ്ഞത്:
മാധവൻ വളരെ വിദ്യാ സമ്പന്നനായിട്ടുള്ള ഒരു മനുഷ്യനാണ്. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. കഥാപാത്രത്തിന്റെ ബോഡി ലാങ്വേജും എനിക്ക് ഇഷ്ടമായി. അങ്ങനെയാണ് ഈ സിനിമയിലേക്ക് വരുന്നത്. ഇതുവരെ ഞാൻ ഒരു പടത്തിന്റെ സ്ക്രിപ്റ്റ് കേട്ടിട്ടില്ല. എന്റെ സിനിമാ ജീവിതം തീരുന്നത് വരെ ഞാൻ ഒരു സ്ക്രിപ്റ്റും കേൾക്കില്ല എന്ന നിയമം എന്റെ ആക്ടിംഗ് ബിസിനസ്സിൽ ഉണ്ട്. ഒരിക്കലും ഞാൻ സ്ക്രിപ്റ്റ് കേൾക്കില്ല, എന്റെ ഏരിയ അല്ല അത് എന്നത് കൊണ്ടാണ് അത്. മാധവന് കാലിൽ ആണി രോഗമുണ്ടോ അയാൾക്ക് ഗ്യാസ്ട്രബിളിന്റെ പ്രശ്നമുണ്ടോ ഇതൊക്കെയാണ് കഥ പറയാൻ വരുമ്പോൾ ഞാൻ തിരിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ. ഒരു അമ്പത് വയസ്സായ ആൾക്ക് എന്തൊക്കെ അസുഖങ്ങൾ ഉണ്ടാകും, അയാൾ നടക്കുമ്പോൾ എങ്ങനെ നടക്കണം എന്നൊക്കെയാണ് ഞാൻ ചോദിക്കുന്നത്. അത് എന്നോട് കൃത്യമായി തന്നെ അവർ പറഞ്ഞിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അത് നന്നായി തോന്നിയിരുന്നു. മറ്റ് കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല.
വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്. എസ്. ഹരീഷിന്റെ തിരക്കഥയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. കെഎസ്ഇബി എഞ്ചിനീയർ ആയ മാധവന്റെയും അരിമിൽ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എസ്.ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. മിന്നൽ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. ക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.
മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രണം നിർവഹിക്കുന്നത്. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.