തെക്ക് വടക്കിലെ മാധവൻ വിദ്യാസമ്പന്നനായ ഒരു കഥാപാത്രമാണെന്നും ആ കഥാപാത്രത്തിന്റെ വ്യത്യസ്തമായ വിവരണം തനിക്ക് വളരെ രസകരമായി തോന്നിയിരുന്നു എന്നും നടൻ വിനായകൻ. കെ എസ് ഈ ബിയിൽ ഇലക്ട്രിസ്റ്റി എഞ്ചിനീയർ ആയി റിട്ടയർ ചെയ്ത ഒരാളാണ് മാധവൻ. നല്ല പോലെ വസ്ത്രം ഒക്കെ ധരിച്ച് ക്ലീൻ ആയി നടക്കുന്ന ഇംഗ്ലീഷ് പത്രങ്ങൾ മാത്രം വായിക്കുന്ന ഒരാളാണ് അയാൾ. അത്തരത്തിലുള്ള ഒരു കഥാപാത്രം താൻ ഇതുവരെ ചെയ്തിട്ടില്ല എന്നും മാധവൻ എന്ന കഥാപാത്രത്തിന്റെ ശരീര ഘടന വളരെയധികം ഇഷ്ടപ്പെട്ടതാണ് ഈ കഥാപാത്രത്തിലേക്ക് വരാനുള്ള കാരണമെന്നും വിനായകൻ അഭിമുഖത്തിൽ പറഞ്ഞു.
വിനായകൻ പറഞ്ഞത്:
പ്രീ പ്രൊഡക്ഷനിൽ ഞാൻ അധികം സംസാരിക്കാറില്ല. എന്റെ ഏരിയയെ അല്ല അത്. മറ്റൊരാളുടെ ജോലിയിൽ ഞാൻ ഒരിക്കലും കൈകടത്താറില്ല. എന്നാലും ഈ പടത്തിൽ വന്ന് കുടവയർ വച്ച് അഭിനയിക്കേണ്ടി വന്നു. എന്റെ കഥാപാത്രമായ മാധവൻ വിദ്യാസമ്പന്നനായ ഒരാളാണ്. കെ എസ് ഈ ബിയിൽ ഇലക്ട്രിസ്റ്റി എഞ്ചിനീയർ ആയി റിട്ടേയർ ചെയ്ത ഒരാളാണ്. നല്ല പോലെ വസ്ത്രം ഒക്കെ ധരിച്ച് ക്ലീൻ ആയി നടക്കുന്ന ഒരാളാണ്. കൂടുതലായും ഇംഗ്ലീഷ് പത്രങ്ങൾ മാത്രം വായിക്കുന്ന ഒരാളാണ്. എന്റെ കഥാപാത്രത്തിന്റെ അത്തരത്തിലുള്ള വിവരണം തന്ന എനിക്ക് വളരെ രസകരമായി തോന്നി. ഞാൻ ഇന്നു വരെ അങ്ങനെയുള്ള കഥാപാത്രങ്ങളൊന്നും തന്നെ ചെയ്തിട്ടില്ല. മാത്രമല്ല ഈ കഥാപാത്രത്തിന്റെ അടിസ്ഥാന പരമായ ശാരീരികമായ രൂപകൽപ്പന തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത് തന്നെയാണ് ഈ സിനിമയിലേക്ക് ഞാൻ വരാനുള്ള കാര്യവും.
വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്. എസ്. ഹരീഷിന്റെ തിരക്കഥയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. കെഎസ്ഇബി എഞ്ചിനീയർ ആയ മാധവന്റെയും അരിമിൽ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എസ്.ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. മിന്നൽ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. ക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.
മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രണം നിർവഹിക്കുന്നത്. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.