തമിഴക വെട്രി കഴകത്തിൻ്റെ ഔദ്യോഗിക പതാകയും ചിഹ്നവും അനാച്ഛാദനം നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെയാണ് വിജയ് പതാക ഉയര്‍ത്തിയത്. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തിട്ടുണ്ട്. മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തിൽ മഞ്ഞ നിറവും കലർന്ന കൊടിയിൽ പരസ്പരം നോക്കി ചിന്നം വിളിക്കുന്ന രണ്ടാനകളെയാണ് കാണാൻ സാധിക്കുന്നത്. പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്യുന്നതിനിടെ വിജയ് പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ചെന്നൈയിലെ പാർട്ടി ഓഫീസിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു. കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും ചടങ്ങില്‍ പങ്കെടുത്തു.
30 അടി ഉയരമുള്ള കൊടിമരത്തില്‍ വിജയ് പതാകയുയര്‍ത്തിയായിരുന്നു അനാച്ഛദന കര്‍മം നിര്‍വഹിച്ചത്. സംഗീത സംവിധായകനും ഗായകനുമായ എസ് തമന്‍ ആണ് പാര്‍ട്ടി ഗാനം ചിട്ടപ്പെടുത്തിയതെന്നാണ് വിവരം. വിവേകിന്റേതാണ് വരികള്‍. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പതാക സ്ഥാപിക്കാൻ വിജയ് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളിലാണ് ആദ്യം കൊടി മരം സ്ഥാപിക്കേണ്ടതെന്നും പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്നും പ്രവര്‍ത്തകർക്ക് നിര്‍ദേശവും നൽകിയിട്ടുണ്ട്. ഈ പതാക പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്നും കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു.
2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ വിജയ് അറിയിച്ചിരുന്നു.
''നമ്മുടെ നാടിൻ്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിൽ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എന്നും അഭിനന്ദിക്കും. ജാതിയുടെയും മതത്തിൻ്റെയും ലിംഗത്തിൻ്റെയും ജന്മസ്ഥലത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും, എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഞങ്ങൾ പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത വേണമെന്ന തത്വം ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിക്കുന്നു''. പാർട്ടി പ്രതിജ്ഞയിൽ വിജയ് പറഞ്ഞു.