എന്റെ പേരില്‍ രാഷ്ട്രീയം വേണ്ട, അച്ഛനും അമ്മയുമടക്കം 11 പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

എന്റെ പേരില്‍ രാഷ്ട്രീയം വേണ്ട, അച്ഛനും അമ്മയുമടക്കം 11 പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്
Published on

തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. തന്റെ പേരിലോ ഫാന്‍സ് ക്ലബിന്റെ പേരിലോ യോഗങ്ങള്‍ നടത്തുന്നതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വിജയിയുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖര്‍, ശോഭ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ വിജയിയുടെ ഫാന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. വിജയിയുടെ അച്ഛനും അമ്മയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍.

'എന്റെ അച്ഛന്‍ പുറത്തിറക്കുന്ന പ്രസ്താവനകളുമായി നേരിട്ടോ അല്ലാതെയോ എനിക്ക് ഒരു ബന്ധവുമില്ല. അച്ഛന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പിന്തുടരേണ്ട ആവശ്യം എനിക്ക് ഇല്ല. അച്ഛന്‍ ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒഴിവാക്കണമെന്നാണ് എന്റെ ആരാധകരോട് പറയാനുള്ളത്. എന്റെ പേരോ, ചിത്രമോ, എന്റെ ആരാധക കൂട്ടായ്മയേയോ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ ഞാന്‍ അവര്‍ക്ക് നേരെ വേണ്ട നടപടി സ്വീകരിക്കും,' തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വിജയ് പറഞ്ഞു.

വിജയിയുടെ പേരില്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയിയുടെ ആരാധക സംഘടന മത്സരിക്കാനൊരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in