'സൂര്യ പ്രേക്ഷകന്റെ കണ്ണ് നിറച്ചു, 'സൂരറൈ പോട്രി'ന് അഭിനന്ദനവുമായി വടിവേലു

'സൂര്യ പ്രേക്ഷകന്റെ കണ്ണ് നിറച്ചു, 'സൂരറൈ പോട്രി'ന് അഭിനന്ദനവുമായി വടിവേലു
Published on

സൂര്യ, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധ കൊങ്കാര ഒരുക്കിയ 'സൂരറൈ പൊട്രി'ന് അഭിനന്ദനവുമായി തമിഴ് നടന്‍ വടിവേലു. ചിത്രത്തിൽ സൂര്യ കരയുന്ന ഓരോ രം​ഗങ്ങളും പ്രേക്ഷകന്റെയും കണ്ണ് നനയിച്ചെന്ന് വടിവേലുവിന്റെ ട്വീറ്റിൽ പറയുന്നു. ഒരു മികച്ച സിനിമ പ്രക്ഷകന് സമ്മാനിച്ചതിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും താരം അഭിനന്ദിച്ചു. എയര്‍ ഡെക്കാന്‍ സ്ഥാപിച്ച് ബജറ്റ് എയര്‍ലൈന്‍ പ്രാവര്‍ത്തികമാക്കിയ ജിആര്‍ ഗോപിനാഥിന്റെ ആത്മകഥയെ ആധാരമാക്കിയാണ് ചിത്രം. ചില രം​ഗങ്ങളിൽ ചിരിയും ചിലതിൽ കരച്ചിലും അടക്കാനായില്ലെന്നായിരുന്നു സിനിമ കണ്ടശേഷം ഗോപിനാഥ് ട്വിറ്ററിൽ കുറിച്ചത്.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ്. ഇത് സൂര്യയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ അപർണ ബാലമുരളിയുടേയും ഉർവ്വശിയുടേയും പ്രകടനവും ഒരേ സമയം പ്രശംസ നേടുന്നുണ്ട്. 'സൂരറൈ പോട്ര്' ഒരു പുതിയ അനുഭവമാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. തിയറ്റർ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.

സംവിധായികയുടെ പ്രയത്നത്തിന്റെ ഫലം ഓരോ രം​ഗങ്ങളിലും പ്രകടമാണെന്നും ജി.വി പ്രകാശിന്റെ പശ്ചാത്തല സം​ഗീതം പ്രശംസ അർഹിക്കുന്നതാണെന്നും സംവിധായകനും നിർമ്മാതാവുമായ പാണ്ടിരാജ് ട്വിറ്ററിൽ കുറിച്ചിരുന്നു. 'സുധയെ ഓർത്ത് അഭിമാനിക്കുന്നു', നടൻ വിഷ്ണു വിശാലിന്റെ ട്വീറ്റിൽ പറയുന്നു. മഞ്ജു വാര്യർ ഐശ്വര്യ ലക്ഷ്മി ഉൾപ്പടെ മലയാളത്തിൽ നിന്നുളള ഒട്ടുമിക്ക താരങ്ങളും ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. ജാക്കി ഷറോഫ്, മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറ. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 2ഡി എന്റർടൈൻമെന്റ്‌സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Summary

Actor vadivelu praise the team Soorarai Pottru

Related Stories

No stories found.
logo
The Cue
www.thecue.in