നടന്‍ വി.പി ഖാലിദ് അന്തരിച്ചു

നടന്‍ വി.പി ഖാലിദ് അന്തരിച്ചു
Published on

നടന്‍ വി.പി ഖാലിദ് അന്തരിച്ചു. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് മരണപ്പെട്ടത്. വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് എന്നിവര്‍ മക്കളാണ്. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ് ഖാലിദ്.

സ്‌കൂള്‍ നാടക വേദികളിലൂടെയാണ് ഖാലിദ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കൊച്ചിന്‍ സനാതനയുടെ 'എഴുന്നള്ളത്ത്', ആലപ്പി തിയറ്റേഴ്‌സിന്റെ 'ഡ്രാക്കുള', 'അഞ്ചാം തിരുമുറിവ്' എന്നീ നാടകങ്ങളില്‍ വേഷമിട്ടു. അഭിനയത്തിന് ഒപ്പം ഡിസ്‌കോ ഡാന്‍സര്‍ കൂടിയായിരുന്നു അദ്ദേഹം.

1973ലാണ് ഖാലിദ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പി ജെ ആന്റണി സംവിധാനം ചെയ്ത 'പെരിയാര്‍' ആണ് ആദ്യ ചിത്രം. പിന്നീട് തോപ്പില്‍ ഭാസിയുടെ 'ഏണിപ്പടികള്‍', കുഞ്ചാക്കോയുടെ 'പൊന്നാപുരം കോട്ട' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മറിമായം എന്ന സീരിയലിന് ശേഷം ഖാലിദ് പുതിയ ചിത്രങ്ങളുടെയും ഭാഗമായി. ഹ്രസ്വ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ സിനിമ സംവിധാനത്തിലും ഖാലിദിന് താത്പര്യം ഉണ്ടായിരുന്നു. സ്വന്തം തിരക്കഥ സിനിമയാക്കുന്നതിന് സംവിധായകരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പാട്ട്, നൃത്തം, അഭിനയം, മാജിക്, നാടക രചനയും സംവിധാനവും, മേക്കപ്പ് എന്നീ മേഖലകളില്‍ സജീവമായി പ്രവൃത്തിച്ച വ്യക്തിയായിരുന്നു വി.പി ഖാലിദ്.

Related Stories

No stories found.
logo
The Cue
www.thecue.in