'സുരറൈ പോട്രി'ൽ പതിനെട്ടുകാരനായി അഭിനയിക്കേണ്ടിവന്നുവെന്നും ആ അനുഭവങ്ങൾ തന്നെ പഴയ കാല ഓർമ്മകളിലേയ്ക്ക് എത്തിച്ചുവെന്നും നടൻ സൂര്യ. 45 വയസ്സുകാരനായ താൻ കൗമാരക്കാരനായി അഭിനയിക്കാന്‍ പൊതുവെ താത്പര്യപ്പെടാറില്ല. അതിന് മറ്റൊരാളെ കണ്ടെത്തുമെന്നാണ് കരുതിയത്. പക്ഷേ ഞാന്‍ തന്നെ ചെയ്യണമെന്ന് സംവിധായിക നിര്‍ബന്ധം പിടിച്ചെന്നും അതിനായി 27 ദിവസത്തെ ഡയറ്റിലൂടെ ഭാരം കുറയ്ക്കേണ്ടിവന്നെന്നും സൂര്യ പറയുന്നു. 'സുരറൈ പോട്ര്' പ്രൊമോഷന്റെ ഭാഗമായി ദ ഹിന്ദുവിനു നൽകിയ അഭിമുഖത്തിലാണ് സിനിമക്കു മുൻപുള്ള തന്റെ ജീവിതത്തെക്കുറിച്ച് സൂര്യ മനസു തുറന്നത്.
'പതിനെട്ട് വയസു കഴിയുന്ന സമയത്ത് നമ്മളെല്ലാവരും ഒരു പ്രത്യേക തരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോവുക. ഭാവിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന സമയമാണത്. എന്നെ ആരെങ്കിലും അംഗീകരിക്കുമോ?, സമൂഹം എന്താകും എന്നെക്കുറിച്ച് വിചാരിക്കുക, എന്നിങ്ങനെയുള്ള സംശയങ്ങളെല്ലാം മനസിൽ തോന്നിത്തുടങ്ങുന്ന സമയം. അച്ഛനെ പിന്തുടർന്ന് സിനിമാ മേഖലയിലേക്കെത്താൻ അന്ന് താത്പര്യമില്ലായിരുന്നു. അപ്പോഴാണ് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ലഭിക്കുന്നത്. ദിവസം 18 മണിക്കൂര്‍ ജോലി. മാസശമ്പളമായി 736 രൂപയും. ആ വെളുത്ത കവറിന്റെ കനം ഇന്നും ഓർക്കുന്നു. സുറരൈ പോട്രിൽ എന്റെ ആ പ്രായത്തിലൂടെ ഞാന്‍ വീണ്ടും ജീവിക്കുകയായിരുന്നു.' സൂര്യ പറയുന്നു.
എയര്‍ഡെക്കാന്‍ വിമാനക്കമ്പനിയുടെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥന്റെ കഥപറയുന്ന ചിത്രമാണ് 'സുരറൈ പോട്ര്'. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മാധവന്‍ നായകനായ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധ കൊങ്ങരയാണ് സംവിധാനം. ജാക്കി ഷെറോഫ്, ഉര്‍വശി, മോഹന്‍ ബാബു, പരേഷ് റാവല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശിന്റേതാണ് സംഗീതം.