'അത്ഭുതപ്പെടുത്തിയ പ്രകടനം': കൊട്ടുകാളി എന്ന ചിത്രത്തിലെ അന്ന ബെന്നിന്റെ അഭിനയത്തെക്കുറിച്ച് തമിഴ് നടന്‍ സൂരി

'അത്ഭുതപ്പെടുത്തിയ പ്രകടനം': കൊട്ടുകാളി എന്ന ചിത്രത്തിലെ അന്ന ബെന്നിന്റെ അഭിനയത്തെക്കുറിച്ച് തമിഴ് നടന്‍ സൂരി
Published on

തമിഴ് ചിത്രമായ കൊട്ടുകാളിയിലെ അന്ന ബെന്നിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടന്‍ സൂരി. അന്ന ബെന്‍ ഒരു അസാധ്യ നടിയാണെന്നുള്ള കാര്യം ഈ സിനിമയുടെ കഥയ്ക്ക് ഓക്കേ പറഞ്ഞപ്പോള്‍ തന്നെ തനിക്ക് മനസ്സിലായി. ഡയലോഗുകള്‍ തീരെയില്ലാത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ബാക്കിയുള്ള അഭിനേത്രികള്‍ക്ക് കുറെ ചോദ്യങ്ങളുണ്ടാകും. എന്നാല്‍ അന്ന ബെന്‍ ഒരു നടി എന്ന നിലയില്‍ കഥയെയും കഥാപാത്രത്തെയും തിരിച്ചറിഞ്ഞു. ഡയലോഗ് ഇല്ലാതെ അഭിനയിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്നും അന്ന ബെന്‍ കഥാപാത്രത്തെ അസാധാരണമായി അവതരിപ്പിച്ചു എന്നും സിനി ഉലഗത്തിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ സൂരി പറഞ്ഞു. കൊട്ടുകാളി സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സൂരിയാണ്. പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആഗസ്റ്റ് 23ന് ചിത്രം തിയറ്ററുകളിലെത്തും.

സൂരി പറഞ്ഞത്:

അന്ന ബെന്നിന്റെ അഭിനയത്തില്‍ അതിശയകരമായിരുന്നു. അന്ന ബെന്‍ ഒരു അസാധ്യ നടിയാണെന്നുള്ള കാര്യം ഈ സിനിമയുടെ കഥയ്ക്ക് ഓക്കേ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വേറെ ഏത് നടിയാണെങ്കിലും കഥ വായിച്ചിട്ട് എനിക്കെന്താണ് ഇതില്‍ ഡയലോഗ് എന്ന് ചോദിക്കും. കുറച്ചു ഡയലോഗുകളേ ചിത്രത്തില്‍ അന്ന ബെന്നിന് ഉള്ളൂ. കുറെ ഡയലോഗ് പറഞ്ഞാല്‍ മാത്രമാണ് ഞാനൊരു നടനോ നടിയോ ആവുകയുള്ളൂ എന്നൊന്നും ഇല്ല. ആ കഥയ്ക്കനുസരിച്ച് നന്നായി അഭിനയിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. ഇനിയും കൃത്യമായി പറഞ്ഞാല്‍ ആ കഥാപാത്രത്തിനെ വ്യക്തമായി അവതരിപ്പിക്കുണ്ടോ എന്നുള്ളതാണ് ഞാന്‍ നോക്കുന്ന കാര്യം.

ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറവാണ്. അന്ന ബെന്നിന് ഒരേ ഒരിടത്തില്‍ കുറച്ചു ഡയലോഗെ ഉള്ളൂ. വേറെ ആരായിരുന്നെങ്കിലും എന്താ ഇങ്ങനെ എന്ന് ചോദിച്ചിട്ടുണ്ടാകും. പക്ഷെ അവര്‍ കഥ മുഴുവന്‍ മനസ്സിലാക്കി. ഇത് ഒരു ശക്തമായ കഥാപാത്രമാണെന്നും പ്രധാനപ്പെട്ട ഒന്നാണെന്നും തിരിച്ചറിഞ്ഞ് എങ്ങനെ ഒരു നടിയായി ഈ കഥാപത്രത്തെ സമീപിക്കാം എന്നവര്‍ ചിന്തിച്ചു. അസാധാരണമായ അഭിനയമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഡയലോഗ് ഇല്ലാതെ അഭിനയിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ഭുതകരമായ അഭിനയമാണ് അന്ന ബെന്നിന്റേത്. കൂടെ ഉണ്ടായിരുന്ന എല്ലാവരും വളരെ യഥാര്‍ത്ഥമായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ക്യാമറ അവിടെ ഉണ്ടെന്ന് തോന്നാത്ത രീതിയില്‍ അത്രയും സാധാരണമായിട്ടാണ് എല്ലാവരും ചിത്രത്തിലുള്ളത്. ഇതേ രീതിയാണ് മലയാള സിനിമയിലും. യാഥാര്‍ഥ്യത്തിന്റെ അറ്റം എന്നോണമാണ് അത്. മലയാളത്തില്‍ ആര് അഭിനയിച്ചാലും ഭംഗിയാണ്. മോഹന്‍ലാല്‍ സാറോ മമ്മൂട്ടി സാറോ മാത്രം അല്ല, ആര് അഭിനയിച്ചാലും അതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in