താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് നടൻ സിദ്ധിഖ്. 25 വർഷത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാൾ എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേതക്ക് നടൻ ബാബു രാജും ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖിനെതിരെ കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിച്ചു. അനൂപ് ചന്ദ്രൻ, ബാബുരാജ് ജേക്കബ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചവർ. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി.
ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ മുമ്പ് തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. നടൻ സിദ്ധിഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തേക്ക് എത്തിയത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. 1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ നേതൃത്വ നിരയിലുള്ള ആളാണ് ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്.
കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.