നടന്മാരായെ ടൊവിനോയ്ക്കും ആസിഫിനും ആന്റണി പെപ്പെയ്ക്കും എതിരെ പോസ്റ്റുമായി നിർമാതാവും നടിയുമായ ഷീലു ഏബ്രഹാം. ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് ചിത്രങ്ങൾ ഒരുമിച്ചെത്തി പ്രമോട്ട് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് ഷീലു ഏബ്രഹാമിന്റെ പോസ്റ്റ്. പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെ? എന്ന ചോദ്യത്തോടെ മൂവരുടെ ഫോട്ടോ ഒന്നിച്ചു ചേർത്തു വച്ച പോസ്റ്റിൽ ആസിഫും ടൊവിനോയും ആന്റണിയും തങ്ങളുടെ മൂന്ന് പേരുടെ സിനിമകൾ മാത്രമാണ് ഓണം റിലീസ് എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്ന് ഷീലു ഏഎബ്രഹാം പറയുന്നു. തങ്ങളുടെ ചിത്രങ്ങളായ ബാഡ് ബോയ്സ്, കുമ്മാട്ടിക്കളി, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തുടങ്ങിയ ചിത്രങ്ങളെ ഇവർ തഴഞ്ഞു എന്നും പങ്കുവച്ച പോസ്റ്റിൽ ഷീലു ഏബ്രഹാം പറഞ്ഞു. ബാഡ് ബോയ്സ് സംവിധായകന്‍ ഒമര്‍ ലുലുവും ഷീലു ഏബ്രഹാമിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഷീലു ഏബ്രഹാമിന്റെ പോസ്റ്റ്:
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ "പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ "BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .
'അജയന്റെ രണ്ടാം മോഷണ'വും, 'കിഷ്കിന്ധാ കാണ്ഡ'വുമാണ് ഓണം റിലീസുകളായി ആദ്യം തിയറ്ററിലെത്തുന്ന ചിത്രങ്ങൾ. ആന്റണി വർഗീസ് നായകനാകുന്ന 'കൊണ്ടൽ' സെപ്റ്റംബർ 13നും എത്തും. ഈ മൂന്ന് സിനിമകളും പ്രേക്ഷകർ പിന്തുണയ്ക്കണമെന്നും ഏറ്റെടുക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ മൂവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരോട് അറിയിച്ചത്.