ബ്രൊമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച താൻ സുഖം പ്രാപിച്ച് വരികയാണ് എന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറായി താൻ നീരീക്ഷണത്തിലായിരുന്നുവെന്നും നാളെ ആശുപത്രി വിടുമെന്നും സംഗീത് അറിയിച്ചിട്ടുണ്ട്. അതേസമയം കാർ ഓടിച്ച ഡ്രെെവർക്കെതിരെ താൻ കേസ് കൊടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്നും ബ്രൊമാൻസിന്റെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നും സംഗീത് പ്രതാപ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
സംഗീത് പ്രതാപിന്റെ ഫേസ് ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട എല്ലാവർക്കും,
കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി, ഇപ്പോൾ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ നിരീക്ഷണത്തിലായിരുന്നു, നാളെ ആശുപത്രി വിടും. ദെെവത്തിന് നന്ദി, എനിക്ക് ചെറിയ പരിക്കുണ്ട്, പക്ഷേ ഇപ്പോൾ കുറവുണ്ട്. എല്ലാ സ്നേഹത്തിനും ഉത്കൺഠയ്ക്കും എല്ലാം നന്ദി, നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും എനിക്ക് മറുപടി നൽകാൻ കഴിയാത്തതിൽ എനി്ക്ക് വിഷമമുണ്ട്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്, പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. കൂടാതെ ഞാൻ ഡ്രെെവർക്ക് എതിരെ കേസ് കൊടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന കഥകളെല്ലാം തെറ്റാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ല.
എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഇടത്തേക്ക് ഉടൻ തന്നെ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാൻസിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുകയും ചിത്രം അധികം താമസിയാതെ സ്ക്രീനുകളിൽ എത്തുകയും ചെയ്യും.’
കഴിഞ്ഞ ദിവസമാണ് കൊച്ചി എം.ജി റോഡിൽവെച്ചു നടന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് സംഗീത് പ്രതാപ് അർജുൻ അശോകൻ തുടങ്ങിയവർക്ക് പരിക്കേറ്റത്. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്നു കാറോടിച്ചിരുന്നത്. പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.