WCC യുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നയാളാണ് താൻ എന്ന് നടൻ പ്രേം കുമാർ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ WCC യുടെ പോരാട്ടം വലിയൊരു സല്യൂട്ട് അർഹിക്കുന്നുണ്ടെന്നും നടിയും ആ സംഘടനയും ശക്തമായി നിലനിന്നത് കൊണ്ടാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതും വലിയൊരു ക്രിമിനലിന് ജയിലിൽ കിടക്കേണ്ടി വന്നത് എന്നും പ്രേം കുമാർ പറഞ്ഞു. അതേസമയം മലയാള സിനിമയെ മൊത്തമായി നിയന്ത്രിക്കുന്നത് 15 അംഗ പവർ ഗ്രൂപ്പാണ് എന്നതിനോട് താൻ യോജിക്കുന്നില്ല എന്നും എന്നാൽ അതേസമയം സിനിമയിൽ ഒരു അധികാരകേന്ദ്രം നിലനിൽക്കുന്നുണ്ട് എന്നും പ്രതികരിക്കുന്നവർക്ക് അവസരം നഷ്ടപ്പെടുന്ന രീതി വസ്തുതയാണ് എന്നും പ്രേം കുമാർ തുറന്നു പറഞ്ഞു.
പ്രേം കുമാർ പറഞ്ഞത്:
wcc യുടെ പ്രവര്‍ത്തനത്തെയൊക്കെ ഞാൻ ശ്ലാഘിക്കുന്നയാളാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവരുടെ പോരാട്ടത്തിന് വലിയൊരു സല്യൂട്ട് അവർക്ക് കൊടുക്കണം. അവർ അത്രയും ശക്തമായി അതിനൊപ്പം നിന്നത് കൊണ്ടാണ് ഇത് സംഭവിച്ചത്. എന്തെങ്കിലും തരത്തിലുള്ള ഒരു അപമാനം നേരിട്ട നമ്മുടെ സ്ത്രീകൾ, അപമാന ഭാരത്താൽ കുറ്റബോധത്തോടെ സമൂഹത്തിന്റെ ഏതെങ്കിലും ഇരുണ്ട മൂലകളിൽ ഒളിച്ചിരിക്കേണ്ടവരല്ല. അവർ ധെെര്യമായിട്ട് പുറത്ത് വരികയും തങ്ങൾക്ക് നേരിട്ട തിക്താനുഭവത്തെക്കുറിച്ച് പരാതിപ്പെടേണ്ട വേദികളിൽ പരാതിപ്പെടുകയും വേണം. അവർ ഇതിനെതിരെ പോരാട്ടം നടത്തേണ്ട പോരാളികളാണ് എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. അങ്ങനെ ഒരു സഹോദരി മുന്നോട്ട് വന്നത് കൊണ്ടാണ് ഇന്ന് വലിയൊരു ക്രിമിനൽ ജയിലിൽ കിടക്കുന്നത്. ആ അന്വേഷണം ഇത്രയേറെ മുന്നോട്ട് പോകുന്നത്. അവരുടെയെല്ലാം പ്രവർത്തനങ്ങളെ തുടർന്നാണ് ഹേമ കമ്മറ്റി രൂപപ്പെട്ടത്. ഹേമ കമ്മറ്റി റിപ്പോർട്ട് അഡ്രസ്സ് ചെയ്യുന്നത് ഈ സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയുമാണ്. ഏത് മേഖലയിലും അത്രികമം നേരിടുന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ആയിട്ട് കൂടി അതുകൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ട് മാറുന്നു. സ്ത്രീകളുടെ പുതിയ നവോത്ഥാനമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറുന്നു.
ഞാൻ മുമ്പും ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. തങ്ങൾക്ക് നേരിടുന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുന്നവർക്ക് തീർച്ചയായിട്ടും അവരുടെ അവസരങ്ങളിൽ കുറവുണ്ടാകും. അത് വസ്തുതയാണ്. നമ്മൾ പലപ്പോഴും പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഒരു പവർ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞു. പക്ഷേ അതിൽ അവർ പറഞ്ഞത് ഒരു പതിനഞ്ച് അംഗ പവർ ഗ്രൂപ്പാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നാണ്. അങ്ങനെ ഒരു ആശയത്തോട് എനിക്ക് യോജിപ്പില്ല. പക്ഷേ ചില പവർ സെന്റേഴ്സ് / പവർ സ്ട്രക്ച്ചേഴ്സ് അത് സിനിമയിൽ ഒരു പരിധി വരെയുണ്ട്. ഒരു അതിഭാവുകത്വത്തോട് കൂടി 15 അംഗ പവർ ഗ്രൂപ്പാണ് സിനിമ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ ഒരു സിനിമയെ സംബന്ധിച്ചിടത്തോളം കോടികൾ മുടക്കി സിനിമ നിർമിക്കുന്ന ഒരു നിർമാതാവിന് അയാൾക്ക് ആ സിനിമയിൽ ആരെയൊക്കെ അഭിനയിപ്പിക്കണം അതിന്റെ സംവിധായകൻ ആരായിരിക്കണം അതിന്റെ സങ്കേതിക മേഖലയിൽ ആരൊക്കെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരമുണ്ട്. അപ്പോൾ സ്വാഭാവികമായും ആ നിർമാതാവ് ഒരു അധികാര കേന്ദ്രമായി മാറും. കുറേക്കാലം പുറകേ നടന്നിട്ടായിരിക്കും ഒരു സൂപ്പർ താരം ഒരു സിനിമയ്ക്ക് ഡേറ്റ് നൽകുന്നത്. ആ സിനിമ ഓൺ ആകുമ്പോൾ അദ്ദേഹത്തിന്റെ ചില ഇഷ്ടങ്ങളും താൽപര്യങ്ങളും അതിനകത്തുണ്ടാവും. പ്രബലനായ ഒരു സംവിധായകനാണ് അവിടെയുള്ളത് എങ്കിൽ അദ്ദേഹത്തിന്റെ ഒരു അധികാരവും ആ സിനിമയിൽ ഉണ്ടായിരിക്കും. അങ്ങനെയുള്ള ഒരു പവർ സ്ട്രക്ച്ചർ എല്ലാ കാലത്തും സിനിമയിൽ ഉണ്ട്. അത് സത്യം തന്നെയാണ്. തന്റെ ആവശ്യങ്ങളെക്കുറിച്ച് വിളിച്ചു പറയാൻ കഴിയാത്ത ദുർബലരായ ഒരു വിഭാഗവും സിനിമയിലുണ്ട്. അവർ എന്തെങ്കിലും ഒക്കെ തുറന്ന് പറയാൻ തയ്യാറായാൽ അവർ സിനിമയിൽ നിന്ന് ബഹിഷ്കരിക്കപ്പെടും എന്നതും സിനിമയിലെ സമാന്യ നിയമമാണ്. അങ്ങനെയാണ് നമ്മുടെ സംവിധാനം. ഈ പറയുന്ന പല കാര്യങ്ങളിലും വസ്തുതയുണ്ട്. എനിക്കും ഇതിനെക്കുറിച്ച് വ്യക്തിപരമായ അനുഭവങ്ങൾ പറയാനുണ്ട്. പക്ഷേ അതിലൊരു ചർച്ചയ്ക്ക് ഞാൻ ഇപ്പോൾ തയ്യറാല്ല. ഇത് വസ്തുതയാണ് എന്നാണ് ഞാൻ പറയുന്നത്. ചില വെളിപ്പെടുത്തലുകൾ പലരുടെയും ഉറക്കം കെടുത്തും. അത് തീർച്ചയായും നമ്മുടെ തൊഴിലവസരങ്ങളെ നിഷേധിക്കപ്പെടുന്നതിന് കാരണമാകും. അതേസമയം സിനിമയെ മൊത്തത്തിൽ നയിക്കുന്നത് പവർ ഗ്രൂപ്പാണ് എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. സിനിമ പൂർണ്ണമായും അവരുടെ ഒരു നിയന്ത്രണത്തിലാണെങ്കിൽ ഇന്ന് ഇപ്പോൾ പുതിയ കുട്ടികൾ വന്ന് വിസ്മയം തീർക്കുന്ന എത്രയോ സിനിമകൾ ഇവിടെ എങ്ങനെയാണ് സംഭവിക്കുക. പ്രേം കുമാർ പറഞ്ഞു.