അസമത്വത്തിന് എതിരെ പാ.രഞ്ജിത് നയിക്കുന്ന പടയിൽ ഒരു പോരാളിയാകാൻ കഴിഞ്ഞതിന് നന്ദിയുണ്ട് എന്ന് നടി പാർവതി തിരുവോത്ത്. പാ.രഞ്ജിത്തിനൊപ്പം ജോലി ചെയ്യണമെന്നുള്ളത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും ഗംഗമ്മാൾ എന്ന കഥാപാത്രത്തെ മാത്രമല്ല അദ്ദേഹം നിർമിച്ചെടുക്കുന്ന ലോകത്തിനോടും കഥയോടും രാഷ്ട്രീയത്തോടും താൻ യോജിക്കുന്നുണ്ട് എന്നും പാർവതി പറഞ്ഞു. നമ്മൾ നമ്മുടെ ജീവിതത്തിൽ എന്ത് ചെയ്താലും അത് പൊളിറ്റിക്കലായിരിക്കും. അരാഷ്ട്രീയം എന്നൊന്നില്ല. തങ്കലാൻ എന്ന സിനിമ ആഗസ്റ്റ് 15 ന് റിലീസാവുക എന്നത് ഒരു യാദൃശ്ചികതയല്ല എന്നും പാർവതി പറഞ്ഞു. എത്ര തന്നെ അസ്വസ്ഥത തോന്നിയാലും അസമത്വം നിലനിൽക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണമെന്നു അതിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കണം എന്നും തങ്കലാന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ പാർവതി പറഞ്ഞു.
പാർവതി പറഞ്ഞത്:
രഞ്ജിത്തിനൊപ്പം വർക്ക് ചെയ്യണമെന്നുള്ളത് എന്റെ നീണ്ട നാളത്തെ ആഗ്രഹമാണ്. അത് നടക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയുമായിരുന്നില്ല, ഞാൻ ഗംഗമ്മാളായി അദ്ദേഹത്തിന്റെ സിനിമയിലേക്ക് വരണം എന്നുള്ളത് എവിടെയോ എഴുതിയിട്ടുണ്ട്. അദ്ദേഹം എന്നെ വിളിച്ചപ്പോൾ എനിക്ക് അപ്പോൾ തന്നെ സമ്മതം പറയണമെന്നുണ്ടായിരുന്നു, പക്ഷേ ഞാൻ അദ്ദേഹത്തോട് നരേഷൻ വേണമെന്നെല്ലാം പറഞ്ഞ് ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ടോർച്ചർ ചെയ്തു. എന്നാൽ അദ്ദേഹം വളരെ ക്ഷമയുള്ള ആളായിരുന്നു. അതും തുടക്കത്തിൽ മാത്രം. ഗംഗമ്മാൾ എന്ന കഥാപാത്രം മാത്രമല്ല അദ്ദേഹം നിർമിച്ചെടുക്കുന്ന ലോകവും കഥയും രാഷ്ട്രീയവും തുടങ്ങി എല്ലാത്തിലും ഞാൻ നിങ്ങളോട് യോജിക്കുന്നുണ്ട്. അതിന് വേണ്ടി നിങ്ങളുടെ ഗംഗമ്മാളായി ജീവിക്കാൻ അവസരം ലഭിച്ചതിന് നന്ദി.
സിനിമ എന്നത് ഒരു എന്റർടെയ്നർ ആയിരിക്കാം, അല്ലെങ്കിൽ ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കാം. എന്നിരുന്നാലും നമ്മൾ നമ്മുടെ ജീവിതത്തിൽ എന്ത് ചെയ്താലും അത് പൊളിറ്റിക്കലായിരിക്കും. അരാഷ്ട്രീയം എന്നൊന്നില്ല. നമ്മുടെ സിനിമ തങ്കലാൻ ആഗസ്റ്റ് 15 ന് റിലീസാവുക എന്നത് ഒരു യാദൃശ്ചികതയല്ല, നമ്മൾ ഒക്കെ സ്വാതന്ത്ര്യം, അടിച്ചമർത്തലുകൾ, തുടങ്ങിയ വാക്കുകളെല്ലാം എപ്പോഴും നമ്മള്‍ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. ആ അസമത്വം എന്തുകൊണ്ട് നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് നമ്മൾ പഠിച്ചു കൊണ്ടേയിരിക്കണം. അതിൽ എത്രത്തോളം അസ്വസ്ഥത തോന്നിയാലും അത് നിങ്ങൾ അംഗീകരിച്ചേ മതിയാവൂ. വ്യക്തിപരമായതെല്ലാം രാഷ്ട്രീയപരവുമാണ്. കല രാഷ്ട്രീയമാണ്. അതിന് വേണ്ടി രഞ്ജിത്ത് ഒരു പടയെ തന്നെ നയിക്കുന്നുണ്ട്. അതിൽ ഒരു പടയാളി ആകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പാർവതി കൂട്ടിച്ചേർത്തു.