വില്ലൻ കഥാപത്രങ്ങളിലൂടെ മലയാളിക്ക് പരിചിതനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചെയായിരുന്നു മരണം. നടൻ ബാലൻ കെ നായരുടെ മകനാണ്. 60 വയസ്സായിരുന്നു. ഷൊർണൂരിലെ വീട്ടിലാകും സംസ്കാരം.
1983 ൽ പി എൻ മേനോന്റെ പുറത്തിറങ്ങിയ അസ്ത്രം എന്ന സിനിമയിൽ പിതാവായ ബാലൻ കെ നായരോടൊപ്പമായിരുന്നു അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ 4 പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്നു. വില്ലൻ കഥാപത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച നടനാണ്. പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി അൻപതോളം സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. ചെങ്കോലിലെ കീരിക്കാടൻ സണ്ണി ശ്രദ്ധേയമായ കഥാപാത്രം.
ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാഥന്റെ കഥാപാത്രത്തെയും മലയാളിക്ക് പെട്ടെന്ന് മറക്കാനാകില്ല. സിനിമയിൽ കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. സ്ത്രീത്വം, മേഘസന്ദേശം, കഥയറിയാതെ, സ്നേഹാഞ്ജലി തുടങ്ങി എട്ടോളം സീരിയലുകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2024 പുറത്തിറങ്ങിയ സമാധാന പുസ്തകമാണ് അവസാന ചിത്രം.
പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയവയാണ് പ്രധാന സിനിമകൾ.