അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു
Published on

ജീവിതവും അഭിനയവും ഒരുപോലെ ​ഗൗരവത്തോടെ കാണുന്ന നടനാണ് മമ്മൂട്ടി എന്ന് നടൻ മധു. ചെയ്യുന്ന കഥാപാത്രങ്ങളെ നല്ല പോലെ മനസിലാക്കി ചെയ്യുന്ന സീരിയസ് ആയ അഭിനേതാവാണ് അദ്ദേഹമെന്നും അദ്ദേഹത്തെപ്പോലെ ഒരു ആർട്ടിസ്റ്റിനെ കിട്ടിയ നമ്മൾ പ്രേക്ഷകർ മമ്മൂട്ടിയെക്കാൾ ഭാ​ഗ്യം ചെയ്തവരാണെന്നും മധു പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു മധുവിന്റെ പ്രതികരണം.

മധു പറഞ്ഞത്:

വളരെ സീരിയസ് ആയ നടനാണ് മമ്മൂട്ടി. അഭിനയം മാത്രമല്ല ജീവിതം തന്നെ വരെ വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് അദ്ദേഹം. വലിയ ബഹളങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ പോലും ചെയ്യുന്ന കഥാപാത്രങ്ങളെ മനസിലാക്കി അറിഞ്ഞ് ചെയ്യുന്ന ആളാണ്. അഭിനയം ആസ്വദിച്ച് ചെയ്യുന്ന ആളാണ് അദ്ദേഹം. മമ്മൂട്ടിയേക്കാൾ കൂടുതൽ ഭാഗ്യവാന്മാർ നമ്മളാണ് കാരണം അങ്ങനെ ഒരു ആർട്ടിസ്റ്റിനെ നമുക്ക് കിട്ടിയതിന്. മമ്മൂട്ടി ഏത് കഥാപാത്രം ചെയ്താലും ഇതുവരെ എന്തെങ്കിലും ഒന്ന് മമ്മൂട്ടി അഭിനയിച്ച് മോശമായി എന്ന് കേട്ടിട്ടുണ്ടോ?

സിനിമകളുടെ തെരഞ്ഞെടുപ്പിന്റെ പേരിലും പരീക്ഷണ ചിത്രങ്ങളിൽ ഭാ​ഗമാകാൻ കാണിക്കുന്ന സന്നദ്ധതയുടെ പേരിലും ഇന്ത്യൻ സിനിമ വ്യവസായത്തിലെ പലരും മുമ്പും മമ്മൂട്ടിയെ അഭിനന്ദിച്ചിട്ടുണ്ട്. നാല് സിനിമകളാണ് നിലവില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക, മഹേഷ് നാരായൺ ചിത്രം, ജിതിൻ ജെ ജോസ് പ്രൊജക്റ്റ് എന്നിവയാണ് അവ.

ഇതിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പതിനൊന്ന് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നത്. മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും അനുഭവവുമായിരിക്കും ഈ സിനിമ എന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. 80 കോടിക്ക് മുകളിൽ മുടക്കുമുതലിലാണ് ചിത്രം ഒരുങ്ങുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടി 100 ദിവസത്തിലേറെ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമാകും. മമ്മൂട്ടിക്കൊപ്പം തുല്യമായ കഥാപാത്രമായാണ് മോഹൻലാൽ എത്തുകയെന്നറിയുന്നു. ശ്രീലങ്ക, ലണ്ടൻ, ന്യൂ ഡൽഹി, ഹൈദരാബാദ്, കൊച്ചി എന്നീ ലൊക്കേഷനുകൾക്കൊപ്പം കൂടുതൽ വിദേശ ലൊക്കേഷനുകളുമുണ്ടാകും. മാലിക്, സീ യു സൂൺ, അറിയിപ്പ് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ആന്റോ ജോസഫ് ഫിലിം കമ്പനി, മമ്മൂട്ടി കമ്പനി, ആശിർവാദ് സിനിമാസ് എന്നിവരെ കൂടാതെ മറ്റ് ബാനറുകൾ കൂടി സിനിമയുടെ നിർമ്മാതാക്കളായി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
The Cue
www.thecue.in