'അമ്മ ഒരു കൊള്ളസംഘമല്ല, ശത്രുതയുടെ പേരില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്': ലാല്‍

'അമ്മ ഒരു കൊള്ളസംഘമല്ല, ശത്രുതയുടെ പേരില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്': ലാല്‍
Published on

'അമ്മ' സംഘടനയില്‍ ഉള്ളവര്‍ ആളുകളെ പൂട്ടാന്‍ ഗൂഢാലോചന നടത്തുന്ന കൊള്ളസംഘമല്ലെന്ന് നടനും സംവിധായകനുമായ ലാല്‍. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ മനസ്സുള്ളവരാണ് സംഘടനയില്‍ ഉള്ളത്. രാജിവെക്കുന്നതിലോ മാറി നില്‍ക്കുന്നതിലോ അല്ല കാര്യം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ശത്രുതയുടെ പേരില്‍ ആരും ശിക്ഷിക്കപ്പെടരുത്. അമ്മയുടെ നേതൃത്വത്തിലേക്ക് ആര് തന്നെ വന്നാലും സംഘടന മുന്നോട്ട് പോകുമെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക ആരോപണ കേസുകളെക്കുറിച്ചും 'അമ്മ' സംഘടനയിലെ കൂട്ടരാജിയെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു ലാല്‍.

ലാല്‍ പറഞ്ഞത്:

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതിനെക്കുറിച്ച് അന്വേഷിക്കണം. ആരെയും വെറുതെ വിടരുത്. അതോടൊപ്പം, ശത്രുതയുടെ പേരില്‍ കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടരുത് എന്നും ആഗ്രഹിക്കുന്നു. എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഒന്നും ചെയ്യാത്തത് എന്ന്. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ക്ക് തന്നെ പറയാമല്ലോ. അങ്ങനെ പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. എന്ത് ചെയ്താലും അതിന് രണ്ട് വശമുണ്ടാകും. കൂട്ടരാജി വെച്ചാലും ഒരാള്‍ രാജി വെച്ചാലും രണ്ട് അഭിപ്രായമായിരിക്കും.

അമ്മയില്‍ ആരും വലിയ കുഴപ്പക്കാരല്ല. ചെറുപ്പക്കാരോ ജൂനിയേഴ്സോ സീനിയേഴ്സോ ആര് അമ്മയുടെ നേതൃത്വത്തില്‍ വന്നാലും കാര്യങ്ങള്‍ നന്നായി നടക്കും. വലിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മീറ്റിങ് കൂടുന്നതുപോലെ ഒന്നുമല്ല അമ്മയില്‍ സംഭവിക്കുന്നത്. ഞാനും ഉണ്ടായിരുന്നതാണ് അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍. വളരെ സ്വസ്ഥമായി ഇരുന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അല്ലാതെ ആളുകളെ പൂട്ടിക്കളയാം എന്ന് ഗൂഢാലോചന ചെയ്യുന്ന കൊള്ളസംഘമല്ല അത്. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ മനസ്സുള്ളവരാണ് അവിടെയുള്ളത്. ഇവരാരും വലിയ രാഷ്ട്രീയക്കാരൊന്നും അല്ല. അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും അവരുടെ വശത്തു നിന്ന് ഉണ്ടാകും. എന്താണെങ്കിലും അവരൊക്കെ നല്ലവരാണ്.

റിപ്പോര്‍ട്ടില്‍ പറയുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങളുടെ സെറ്റിലൊന്നും ഉണ്ടായിട്ടില്ല. പക്ഷെ സംഭവിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. ഇങ്ങനെ പറഞ്ഞ് വിഷയത്തെ കയ്യൊഴിയുകയല്ല. എവിടെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സിനിമയിലും ഉണ്ടാകാന്‍ പാടില്ല, എവിടെയും ഉണ്ടാകാന്‍ പാടില്ല. സംഘടനയില്‍ ഉള്ളവര്‍ രാജിവെക്കുന്നതോ മാറി നില്‍ക്കുന്നതോ അല്ല കാര്യം. കുഴപ്പങ്ങള്‍ ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നുള്ളതാണ് നമുക്ക് വേണ്ടത്. അതിനെക്കുറിച്ച് അന്വേഷണം വേണം. കുറ്റം ചെയ്തവര്‍ തന്നെ ആയിരിക്കണം ശിക്ഷിക്കപ്പെടേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in