വാക്കുപാലിച്ച് കമല്‍ഹാസനും ഇന്ത്യന്‍ 2 നിര്‍മ്മാതാക്കളും. ഫെബ്രുവരി 19ന് ഇന്ത്യന്‍ രണ്ടാം ഭാഗം ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് ഓരോ കോടി വീതം കമല്‍ഹാസനും ഷങ്കറും സിനിമയുടെ നിര്‍മ്മാതാക്കളായ ലൈകാ പ്രൊഡക്ഷന്‍സ് പ്രതിനിധികളും ചേര്‍ന്ന് കൈമാറി. തമിഴ് സിനിമാ സംഘടനയായ ഫെപ്‌സി പ്രസിഡന്റും സംവിധായകനുമായ ആര്‍ കെ ശെല്‍വമണിയുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. മരണപ്പെട്ട മൂന്ന് പേര്‍ക്കൊപ്പം പരുക്കേറ്റ ഒരാളുടെ കുടുംബത്തിനും ഒരു കോടി നല്‍കി.
ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ ടു ചിത്രീകരിക്കുന്നതിനിടെയാണ് ക്രെയിന്‍ പൊട്ടി വീണ് അപകടമുണ്ടായത്. ചെന്നൈ പൂനമല്ലിയിലായിരുന്നു സംഭവം. ആശുപത്രിയിലെത്തി മൃതദേഹം കണ്ട ശേഷം സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് താനും ഷങ്കറും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. സഹായധനം പ്രഖ്യാപിച്ചതും ഈ അവസരത്തിലാണ്.
ഷങ്കറിന്റെ സഹായ മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിംഗ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലായിരുന്നു അപകടം. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെ ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.