'നുണ മനുഷ്യരെ ഭിന്നിപ്പിക്കും, അടിയില്‍ ട്രൂ സ്റ്റോറി എന്ന് എഴുതിയിട്ട് കാര്യമില്ല'; കേരള സ്റ്റോറിക്കെതിരെ കമല്‍ഹാസന്‍

'നുണ മനുഷ്യരെ ഭിന്നിപ്പിക്കും, അടിയില്‍ ട്രൂ സ്റ്റോറി എന്ന് എഴുതിയിട്ട് കാര്യമില്ല'; കേരള സ്റ്റോറിക്കെതിരെ കമല്‍ഹാസന്‍
Published on

കേരളത്തില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഐഎസ്‌ഐഎസിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചരണവുമായെത്തിയ വിവാദ ചിത്രം കേരള സ്റ്റോറിക്ക് എതിരെ നടന്‍ കമല്‍ഹാസന്‍. കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നും താന്‍ അതിന് എതിരാണെന്നും അബുദാബിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കമല്‍ഹാസന്‍ പറഞ്ഞു.

കാണാന്‍ ബുദ്ധിമുട്ടുള്ള ഴോണര്‍ സിനിമ ഏതെന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് നുണ പ്രചരിപ്പിക്കുന്ന സിനിമകള്‍ക്ക് താന്‍ എതിരാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വന്ന കേരള സ്റ്റോറിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് താന്‍ പ്രൊപ്പഗാണ്ട സിനിമകള്‍ക്ക് എതിരാണെന്നും ലോഗോയില്‍ 'സത്യകഥ' എന്ന് എഴുതിയത് കൊണ്ട് കാര്യമില്ലെന്നും അത് യഥാര്‍ത്ഥത്തില്‍ സത്യമായിരിക്കണം എന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടത്.

നുണ ആളുകളെ തമ്മില്‍ ഭിന്നിപ്പിക്കും. ആ ഴോണറിന് ഞാന്‍ എതിരാണ്. കാരണം അത് പ്രൊപ്പഗാണ്ടയാണ്. ലോഗോയുടെ അടിയില്‍ ട്രൂ സ്റ്റോറി എന്ന് എഴുതിയത് കൊണ്ട് കാര്യമില്ല. അത് സത്യമായിരിക്കണം. ഇത് സത്യമല്ല.

കമല്‍ഹാസന്‍

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി കേരള സ്റ്റോറിയില്‍ ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയയത്. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഐഎസ്‌ഐഎസിലേക്ക് കൊണ്ട് പോയെന്ന് പ്രചരിപ്പിച്ച് എത്തിയ സിനിമ പിന്നീട് 32000 മൂന്നാക്കി മാറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in