'തമിഴ് ഇൻഡ്സ്ട്രിയിൽ പ്രശ്നങ്ങളില്ല, അതെല്ലാം നടക്കുന്നത് കേരളത്തിൽ'; ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രകോപിതനായി ജീവ

'തമിഴ് ഇൻഡ്സ്ട്രിയിൽ പ്രശ്നങ്ങളില്ല, അതെല്ലാം നടക്കുന്നത് കേരളത്തിൽ'; ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രകോപിതനായി ജീവ
Published on

കേരളത്തിലെ സിനിമ മേഖലയിലുള്ള പ്രശ്​നങ്ങള്‍ തമിഴ്​നാട്ടില്‍ ഇല്ലെന്ന് നടന്‍ ജീവ. മീ ടൂ പാര്‍ട്ട് 1 വന്നിരുന്നു, ഇപ്പോള്‍ പാര്‍ട്ട് 2 ആണ് നടക്കുന്നത് എന്നും ഇതൊക്കെ വളരെ തെറ്റാണ് എന്നും ജീവ പറഞ്ഞു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്താണ് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചത്. ഹേമ കമ്മിറ്റിയെക്കുറിച്ച് തുടർ ചോദ്യങ്ങൾ ചോ​ദിച്ചപ്പോൾ ഒരു തവണ പ്രതികരിച്ചതാണ് ഇനി പ്രതികരിക്കാൻ താൽപര്യം ഇല്ലെന്ന് ജീവ മറുപടി പറഞ്ഞു. തുടർന്ന് മാധ്യമപ്രവർത്തകരും ജീവയും തമ്മിൽ വാക്കേറ്റവും സംഭവിച്ചു.

നല്ലൊരു പരിപാടിക്കു വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ പല ഇന്‍ഡസ്​ട്രിയിലും പല വിഷയങ്ങളും നടക്കുന്നുണ്ട് എന്നാൽ തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണ് എന്നും ജീവ മറുപടി പറഞ്ഞു. രാധിക ശരത്​കുമാറിന്‍റെ വെളിപ്പെടുത്തലിനെ പറ്റി ചോദിച്ചപ്പോള്‍ താന്‍ ഇതിനെ പറ്റി പ്രതികരിച്ചെന്നും ഇനി ഒന്നും പറയാനില്ല എന്നുമാണ് ജീവ മറുപടി നൽകിയത്. നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ജീവ പറഞ്ഞു. തുടർ ചോദ്യങ്ങളെത്തിയതോടെ താരം പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

കേരളത്തിലെ ഷൂട്ടിങ് സെറ്റിൽ കാരവാനിൽ ഒളിക്യാമറ വച്ച്, നടിമാർ വസ്ത്രം മാറിയത് സിനിമയുടെ അണിയറ പ്രവർത്തകർ പകർത്തിയെന്നാണ് തമിഴ് നടി രാധിക ശരത്കുമാർ മുമ്പ് വെളിപ്പെടുത്തിയത്. താൻ സെറ്റിലൂടെ നടക്കുമ്പോൾ കുറച്ചു പുരുഷന്മാർ വീഡിയോ കണ്ട് ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പിന്നീട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഒളിക്യാമറയെക്കുറിച്ച് അറിയുന്നത്. നടിമാരുടെ പേരുകൾ ടൈപ്പ് ചെയ്‌താൽ വീഡിയോ ലഭിക്കുന്ന ഒരു ഫോൾഡർ ഇവരുടെ കയ്യിലുണ്ട്. താൻ അന്ന് സെറ്റിൽ ബഹളമുണ്ടാക്കി എന്നും പിന്നീട് കാരവാനിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു എന്നും രാധിക ശരത്കുമാർ പറഞ്ഞു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുള്ള മറ്റ് പല ഭാഷകളിലും ഇതുപോലെ സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടാകുന്നുണ്ട് എന്നും രാധിക പറഞ്ഞിരുന്നു.

അതേസമയം കേരളത്തിലേത് പോലെ തമിഴിലും പത്ത് പേരുള്ള ഒരു കമ്മിറ്റി രൂപികരിക്കുമെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഉണ്ടാകും എന്നും തമിഴ് നടനും നിര്‍മ്മാതാവുമായ വിശാല്‍ മുമ്പ് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in