ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാദങ്ങളെ തള്ളി സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നത് ശരിയല്ലെന്ന് ജഗദീഷ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പ്രതികരണം വൈകിയതിന് പൊതുസമൂഹത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് നടൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി കൊടുത്തത്. കമ്മിറ്റി പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. വാതിലിൽ മുട്ടി എന്ന് ഒരു കലാകാരി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ആ കുട്ടിയുടെ പരാതി നമ്മൾ പരിഹരിക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരുന്നതിൽ ബുദ്ധിമുട്ടില്ലന്നും നിർദ്ദേശിച്ചാൽ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും ജഗദീഷ് പറഞ്ഞു. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ജഗദീഷും പ്രസ്താവനയുമായി മുന്നോട്ട് വന്നത്.
ജഗദീഷ് പറഞ്ഞത്:
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പ്രതികരണം വൈകി എന്ന് തുറന്നു സമ്മതിക്കാൻ അമ്മ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. ആദ്യമേ ഞാൻ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. കമ്മിറ്റി പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതിൽ നിന്നും അമ്മയ്ക്കോ ഫിലിം ചേമ്പറിനോ പ്രൊഡ്യൂസർഴ്സ് അസോസിയേഷനോ ഒഴിഞ്ഞു മാറാൻ ആകില്ല. സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഹേമ കമ്മിറ്റി പറയുന്നത്. വാതിലിൽ മുട്ടി എന്ന് ഒരു കലാകാരി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ആ കുട്ടിയുടെ പരാതി നമ്മൾ പരിഹരിക്കണം.
ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വന്ന് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. നമുക്കെന്ത് ചെയ്യാൻ കഴിയും എന്നാണ് ഈ വിഷയത്തിൽ ആലോചിക്കേണ്ടത്. അല്ലാതെ ഇത് വേറൊരിടത്തും നടക്കുന്നില്ലേ എന്ന് പറയുന്നത് പ്രസക്തമല്ല. വേട്ടക്കാരുടെ പേരുകൾ പുറത്തുവരെട്ടെ. ഹൈക്കോടതി നിർദ്ദേശിച്ചാൽ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയെടുക്കും.