'കിം​ഗ് ഓഫ് കൊത്തയുടെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു'; ദുൽഖർ സൽമാൻ

'കിം​ഗ് ഓഫ് കൊത്തയുടെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു'; ദുൽഖർ സൽമാൻ
Published on

'കിം​ഗ് ഓഫ് കൊത്ത'യുടെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ സ്വയം ഏറ്റെടുക്കുന്നുവെന്ന് നടൻ ദുൽഖർ സൽമാൻ. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കിം​ഗ് ഓഫ് കൊത്ത'. വൻ ബഡ്ജറ്റിൽ വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. മോശം തിരക്കഥയുടെയും അഭിനയത്തിന്റെയും പേരിൽ വലിയ വിമർശനങ്ങളാണ് ചിത്രം റിലീസ് സമയത്തും അതിന് ശേഷവും നേരിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ചിത്രത്തിന്റെ പരാജയവും പ്രേക്ഷകർക്ക് സിനിമയെക്കുറിച്ചുള്ള പരാതികളുടെയും പൂർണ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്നും അടുത്ത തവണ കൂടുതൽ മികവോടെ പ്രവർത്തിക്കുമെന്നും 'ലക്കി ഭാസ്കറി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

ദുൽഖർ സൽമാൻ പറഞ്ഞത്:

ഞങ്ങൾ വളരെ പ്രതീക്ഷയോടെ ‍ചെയ്തൊരു ചിത്രമായിരുന്നു അത്. വലിയ കാൻവാസിലുള്ള ചിത്രമായിരുന്നു 'കിംഗ് ഓഫ് കൊത്ത'. ഞാൻ തന്നെ സിനിമയുടെ നിർമാതാവായതിനാൽ വലിയ രീതിയിലാണ് ആ സിനിമ ഞങ്ങൾ ചെയ്തത്. അതിന്റെ സംവിധായകൻ എന്റെ പഴയ സുഹൃത്തും കൂടിയായിരുന്നു. അവന്റെ ആദ്യത്തെ സിനിമ കൂടിയായിരുന്നു അത്. ആ സമയത്തെ ഏറ്റവും വലുതും പ്രതീക്ഷയുള്ളതുമായ ചിത്രമായിരുന്നു അത്. ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വർക്ക് ആയില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ് കാരണം ആ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഞാനാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് ആ സിനിമയെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള പരാതികളും അതിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തവും കുറ്റങ്ങളും മുഴുവനായും ഞാൻ ഏറ്റെടുക്കുന്നു. ഞങ്ങൾ അടുത്ത തവണ ഇതിലും വലിയ രീതിയിൽ കഠിനമായി സിനിമയ്ക്ക് വേണ്ടി പരിശ്രമിക്കുന്നതായിരിക്കും.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങിയ സിനിമയാണ് 'കിം​ഗ് ഓഫ് കൊത്ത'. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിമിഷ് രവി ഛായാ​ഗ്രാഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിച്ചത് ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in