റായൻ പ്രേക്ഷകർക്ക് വേണ്ടിയുള്ള തന്റെ സമർപ്പണമാണെന്ന് നടൻ ധനുഷ്. പവർ പാണ്ടി എന്ന സിനിമയ്ക്ക് ശേഷം ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് റായൻ. കഴിഞ്ഞ ഇരുപത്തിനാല് വർഷത്തിൽ ഒരുപാട് വിമർശനങ്ങളും ഗോസിപ്പുകളും ദ്രോഹങ്ങളും തനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നും എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ഇവിടെ വരെ എത്തിനിൽക്കാൻ തനിക്ക് ധെെര്യം തന്നത് പ്രേക്ഷകരാണ് എന്നും ധനുഷ് പറയുന്നു. ശരിയായി ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയാത്ത തനിക്ക് ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ ധെെര്യം തന്ന പ്രേക്ഷരോടുള്ള സമർപ്പണമാണ് തന്റെ അമ്പതാം ചിത്രമായ റായൻ എന്നും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ധനുഷ് പറഞ്ഞു.
ധനുഷ് പറഞ്ഞത്:
എന്റെ അമ്പതാമത്തെ സിനിമയാണ് റായൻ. ഇത്രയും സിനിമകളിൽ അഭിനയിക്കാൻ സാധിക്കും എന്ന് ഞാൻ ഒരിക്കൽ പോലും കരുതിയതല്ല, ആദ്യത്തെ സിനിമയോട് കൂടി ഇത് നിർത്തിക്കളയാം എന്ന തരത്തിലാണ് ഞാൻ വന്നത് തന്നെ. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിച്ചത് 2000 ലാണ്. ആ സിനിമ റിലീസ് ചെയ്തത് 2002 ലും. അവിടെ നിന്ന് ഇവിടെ വരെ ഇരുപത്തിനാല് വർഷങ്ങൾ. അതിനിടയിൽ എനിക്കിതിരെ പല തരത്തിലുള്ള വിമർശനങ്ങളും ഗോസിപ്പുകളും ഉണ്ടായി. അതിനെയൊക്കെ താണ്ടിയും താങ്ങിയും ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളുടെ ഈ ശബ്ദമാണ്. ഞാൻ വന്നത് മെലിഞ്ഞ്, കറുത്ത് യാതൊരു വിധ കഴിവുകളും ഇല്ലാതെയാണ്. പക്ഷേ എന്നെ നിങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകമെന്താണെന്ന് എനിക്കറിയില്ല. ശരിയായി ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയാത്ത എന്നെ ഇംഗ്ലീഷ് സിനിമയിൽ അഭിനയിപ്പിച്ചതും നിങ്ങളാണ്. ഇത് എന്റെ അമ്പതാമത്തെ സിനിമയാണ് എന്ന് തിരിച്ചറിഞ്ഞ് നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് കരുതിയാണ് ഞാൻ ഈ സിനിമ സംവിധാനം ചെയ്തത്. ഇത് നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ഡെഡിക്കേഷൻ ആണ്.
തന്റെ കുടുംബത്തെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് റായൻ. എസ് ജെ സൂര്യ, കാളിദാസ് ജയറാം, സന്ദീപ് കിഷൻ, സെൽവരാഘവൻ, പ്രകാശ് രാജ്, ദുഷ്‌റ വിജയൻ, നിത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, എസ് ജെ സൂര്യ, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധനുഷിന്റെ അമ്പതാമത് ചിത്രമാണ് റായൻ. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപത്രമായ റായനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ്. ചിത്രം ജൂലൈ 26 ന് തിയറ്ററുകളിലെത്തും.