ആളുകളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഒപ്പം നിൽക്കുന്നവനാണ് ടൊവിനോ എന്ന് നടൻ ബാല. തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് എപ്പോഴും തന്നോടൊപ്പം സമയം ചെലവഴിക്കാൻ ടൊവിനോ ശ്രദ്ധിച്ചിരുന്നെന്നും ബാല പറയുന്നു. അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ബാല ഒരുക്കിയ 'ലീവ് ടു ഗിവ്' എന്ന പരിപാടിയിൽ അതിഥിയായി ടൊവിനോ എത്തിയപ്പോഴാണ് ബാല ഇക്കാര്യം പറഞ്ഞത്. ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്ന വ്യക്തിയാണ് ബാല, നല്ലതു ചെയ്യുന്നത് അംഗീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നത്, ടൊവിനോ പറഞ്ഞു.
'ചില സ്വകാര്യ ജീവിതപ്രശ്നങ്ങൾ തന്നെ അലട്ടുന്ന സമയത്താണ് എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ആ സമയത്ത് ടൊവിനോ തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അനുജനെപ്പോലെ തന്നോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എപ്പോഴെങ്കിലും ഒറ്റക്ക് ഇരിക്കുന്നത് കണ്ടാലുടൻ 'അണ്ണാ ഓക്കേ അല്ലെ' എന്ന് ചോദിച്ചു അടുത്ത് വരും. ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിർത്തുന്നത്. തന്റെ പിറന്നാളിനും ഗൃഹപ്രവേശത്തിനും ഉൾപ്പെടെ എന്ത് വിശേഷം ഉണ്ടായാലും ടൊവിനോ ഓടിയെത്തും. കൊവിഡ് കാലത്ത് എല്ലാവരും പണിയില്ലാതെ മാനസികമായി തളർന്ന് വീട്ടിലിരിക്കുന്ന സമയത്തും ടൊവിനോ ആക്റ്റീവ് ആയിരുന്നു. സിനിമയിൽ ഇത്രയും ഉയരങ്ങളിൽ എത്താൻ സാധിച്ചതിൽ ടൊവിനോയെ ഓർത്ത് അഭിമാനിക്കുന്നു.’ ബാല പറയുന്നു.
വേദന എല്ലാവർക്കും ഒന്നാണ് അതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല, ജീവിതത്തിൽ ഏറ്റവും വലുത് പണമല്ല, ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുക എന്നുള്ളതാണ് തന്റെ മോട്ടോ. മറ്റുള്ളവരുടെ വേദനയിൽ അലിയുന്ന ഒരു മനസ്സുണ്ട് ടൊവിയ്ക്ക്, താനത് അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് ഈ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ബാല കൂട്ടിച്ചേർത്തു. വൃക്ക രോഗബാധിതനായ മകനുള്ള പ്രായമായ ദമ്പതികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ചത്.