'എഡിറ്റ് കാണാന്‍ ചോദിക്കുന്നതില്‍ തെറ്റില്ല'; ലൊക്കേഷനിലെത്തിയാല്‍ ആരും സ്റ്റാറല്ല നടന്‍ മാത്രമാണെന്ന് ആസിഫ് അലി

'എഡിറ്റ് കാണാന്‍ ചോദിക്കുന്നതില്‍ തെറ്റില്ല'; ലൊക്കേഷനിലെത്തിയാല്‍ ആരും സ്റ്റാറല്ല നടന്‍ മാത്രമാണെന്ന് ആസിഫ് അലി
Published on

സിനിമയില്‍ നിര്‍മ്മാതാക്കളോടും പ്രേക്ഷകനോടും കാണിക്കേണ്ട കമ്മിറ്റ്മെന്റാണ് അടിസ്ഥാനപരമായ അച്ചടക്കം എന്ന് നടന്‍ ആസിഫ് അലി. ഒരു അഭിനേതാവിന് ഏറ്റവും വേണ്ട ക്വാളിറ്റികളില്‍ ഒന്നാണ് അച്ചടക്കം. ഒരു സിനിമയുടെ ലൊക്കേഷനില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഒരു സ്റ്റാറല്ല, നടന്‍ മാത്രമായിരിക്കണം. നമ്മുടെ അടുത്ത് നിന്നും ഒരു സംവിധായകന്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അതു കൊടുക്കാന്‍ വേണ്ടിയാണ് അഭിനേതാക്കളെ ചോദിക്കുന്ന പ്രതിഫലം തന്ന് ഏറ്റെടുക്കുന്നതെന്നും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ആസിഫ് അലി പറഞ്ഞു.

സിനിമ എന്നത് ഒരു ടീം വര്‍ക്കാണ്. ചെയ്ത സിനിമകളിലെല്ലാം ഷൂട്ട് കഴിഞ്ഞ് വൈകിട്ട് ഒരുമിച്ചിരുന്ന് എഡിറ്റ് കാണുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ടീം വര്‍ക്കായ ഒരു സിനിമയില്‍ അഭിനയവും കഥയുമെല്ലാം കൃത്യമല്ലേയെന്ന് നോക്കാന്‍ എഡിറ്റ് കാണണം എന്ന് പറയുന്നതില്‍ തെറ്റുള്ളതായി തോന്നുന്നില്ല. എന്നാല്‍ കാണിക്കാന്‍ താല്പര്യമില്ലെങ്കില്‍ ആ തീരുമാനത്തിനെയും ബഹുമാനിക്കേണ്ടതായുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ആസിഫ് അലി പറഞ്ഞത്

അച്ചടക്കം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, അത് ഞാന്‍ എന്റെ സഹ അഭിനേതാക്കളോടും പറയാറുള്ളതാണ്. നമ്മള്‍ ഒരു സ്റ്റാറായിരിക്കാം പക്ഷേ ഒരു സിനിമ ഏറ്റെടുത്ത് സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഒരു നടന്‍ മാത്രമായിരിക്കണം. എന്നെ ഒരു സംവിധായകന്‍ ഷോട്ടിന് വിളിക്കുമ്പോള്‍ ബാക്കി എല്ലാവരും എത്തിയിട്ടേ ഞാന്‍ വരു എന്ന സ്റ്റാര്‍ഡം ആ സെറ്റില്‍ ഉപയോഗിക്കാന്‍ പാടില്ല. വ്യക്തിപരമായി ഞാന്‍ പിന്തുടരുന്ന ഒരു കാര്യമാണ് അത്. ലൊക്കേഷനുകളില്‍ വളരെ അച്ചടക്കത്തോട് കൂടി തന്നെ വേണം പെരുമാറാന്‍. നമ്മുടെ അടുത്ത് നിന്നും ഒരു സംവിധായകന്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അതു കൊടുക്കാന്‍ വേണ്ടിയണ് അഭിനേതാക്കളെ ചോദിക്കുന്ന പ്രതിഫലം തന്ന് ഏറ്റെടുക്കുന്നത.് ഞാന്‍ എപ്പോഴും പറയുന്ന ഒന്നാണ് നമ്മള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത് രണ്ട് പേരോടാണ്. ഒന്ന് നമ്മളെ വിശ്വസിച്ച് പണം മുടക്കുന്ന നിര്‍മ്മാതാവ്, രണ്ട് നമ്മളെ വിശ്വസിച്ച് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന്‍. ഇവര്‍ രണ്ട് പേരോടും ഉണ്ടാകേണ്ട കമ്മിറ്റ്മെന്റാണ് അടിസ്ഥാനപരമായി കാണിക്കേണ്ട അച്ചടക്കം.

Related Stories

No stories found.
logo
The Cue
www.thecue.in