'നബിദിന റാലിയിൽ കുട്ടികൾക്ക് നാരങ്ങാ വെള്ളം കൊടുത്ത ന്യൂസ് വളരെ പ്രധാന്യത്തോടെ ആഘോഷിക്കുന്നത് കണ്ട് പേടി തോന്നിയിട്ടുണ്ട്'; ആസിഫ് അലി

'നബിദിന റാലിയിൽ കുട്ടികൾക്ക് നാരങ്ങാ വെള്ളം കൊടുത്ത ന്യൂസ് വളരെ പ്രധാന്യത്തോടെ ആഘോഷിക്കുന്നത് കണ്ട് പേടി തോന്നിയിട്ടുണ്ട്'; ആസിഫ് അലി
Published on

ജാതി വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമം നടക്കുന്നത് സോഷ്യൽ മീഡിയയുടെ സ്വഭാവത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ടെന്ന് നടൻ ആസിഫ് അലി. നമ്മൾ ആരും കാണാത്ത ഒരു വശം കാണുന്ന ആളുകളുണ്ട്. അത് ഹെെലെെറ്റ് ചെയ്ത് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഒക്കെ അത് വളരെ പ്രകടമായി തന്നെ കണ്ടിരുന്നു. നബിദിന റാലിക്ക് കുട്ടികൾക്ക് തണുത്ത വെള്ളം കൊടുത്ത അമ്പലത്തിലെ ആളുകളുടെ ന്യൂസ് വലിയ പ്രധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് കണ്ടപ്പോൾ തനിക്ക് പേടിയാണ് തോന്നിയത് എന്നും ആസിഫ് അലി പറയുന്നു. രമേശ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തിന്റെ കാര്യത്തിലും ഈ ജാതിയുടെ മുഖം സോഷ്യൽ മീഡിയിൽ ഉയർന്നു വന്നതായും ആ അവസ്ഥ ഭീകരമാണ് എന്നും ആസിഫ് അലി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

ഈ കാസ്റ്റ് സിസ്റ്റം പണ്ടാണ് ഉണ്ടായിരുന്നത് എന്നാണ് നമ്മൾ പറയുന്നത്. പക്ഷേ ഇപ്പോൾ ഭയങ്കരമായിട്ട് അത് തിരിച്ചു കൊണ്ടുവരാൻ ഒരു ശ്രമം നടക്കുന്നത് പോലെ പല സമയത്തും സോഷ്യൽ മീഡിയയുടെ സ്വഭാവത്തിലൂടെ നമുക്ക് മനസ്സിലാവാറുണ്ട്, നമ്മൾ ആരും കാണാത്ത ഒരു വശം കാണുന്ന ആളുകളുണ്ട്. അത് ഹെെലെെറ്റ് ചെയ്ത് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഒക്കെ അത് വളരെ പ്രകടമായി തന്നെ കണ്ടിരുന്നു. പണ്ട് ഞാൻ ഒരു സ്റ്റേജിൽ സംസാരിച്ച കാര്യം തന്നെയാണ്. ഈ ഒരു അവസരത്തിൽ ഒന്നു കൂടി പറയുകയാണ്. ഞാൻ ഒരു ദിവസം ഒരു ന്യൂസ് കണ്ടു. നബിദിന റാലിക്ക് വന്ന കുട്ടികൾക്ക് തണുത്ത നാരങ്ങാ വെള്ളം കൊടുത്ത് മാതൃകയായി അമ്പലത്തിലെ ആളുകൾ എന്ന്. ആ ന്യൂസ് ആഘോഷിക്കപ്പെടുന്നത് ഞാൻ കണ്ടു. എന്നെ സംബന്ധിച്ച് അത് ഒരു ന്യൂസ് വാല്യു ഉള്ള കാര്യം പോലും അല്ല. എന്റെ ചെറുപ്പത്തിൽ ഞാൻ വളരെ സാധരണമായി കാണുന്ന കാര്യമാണ് അത്. അത് നല്ലൊരു കാര്യം സംഭവിച്ചു എന്ന തരത്തിൽ വളരെ പ്രധാന്യത്തിൽ ആ ന്യൂസ് വരുന്നത് കണ്ടപ്പോഴാണ് എനിക്ക് അതിൽ ഒരു പേടി വന്നത്. വീണ്ടും അത് ഹെെലെെറ്റ് ചെയ്യപ്പെടുന്നു. അത് തന്നെയാണ് ഈ വിവാദം ഉണ്ടായ സമയത്തും. എന്നെ പറ്റി ആളുകൾ പറഞ്ഞു, ഞാൻ അത് കെെകാര്യം ചെയ്ത രീതിയെക്കുറിച്ച് ആളുകൾ പറഞ്ഞു. അതിനെ എല്ലാവരും അഭിനന്ദിച്ചു. അതിന് ശേഷം എല്ലാവരും അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാമ്പയിൽ ഭയങ്കരമായിട്ട് തുടങ്ങി. അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹം നടക്കുന്ന രീതിയെക്കുറിച്ച് വരെ ആളുകൾ സംസാരിക്കുന്ന ഒരു അവസ്ഥ ഞാൻ കണ്ടു. അപ്പോഴാണ് ഇതിനോട് പ്രതികരിക്കണം അല്ലെങ്കിൽ ഇതിന് ഒരു കൃത്യത കൊടുക്കണം എന്ന് എനിക്ക് തോന്നിയത്. അപ്പോഴും ഞാൻ പറയുമ്പോൾ ഞാൻ ആലോചിച്ചത്, എന്റെ വായിൽ നിന്ന് വീഴുന്ന ഒരോ വാക്കും സൂക്ഷിച്ച് വേണം എന്നാണ്. അല്ലെങ്കിൽ അതും ചിലപ്പോൾ വേറൊരു തലത്തിലേക്കും ചർച്ചയിലേക്കും പോകാൻ സാധ്യതയുണ്ടെന്നാണ്. അതുകൊണ്ട് ഞാൻ വളരെ സമയമെടുത്ത് ആലോചിച്ചിട്ടാണ് അദ്ദേഹത്തെ വിളിക്കുക പോലും ഉണ്ടായത്. അത്രയും രൂക്ഷ്മമാണ് ഇപ്പോഴത്ത അവസ്ഥ. വ്യഖ്യാനങ്ങൾ ഭീകരമാണ്. ഇതിൽ ഒന്നും കിട്ടാത്തപ്പോഴാണ് ഇതിലേക്ക് മതം കൊണ്ടു വന്ന് ഇടുന്നത്. നോക്കുമ്പോൾ ഞങ്ങൾ രണ്ട് പേരും രണ്ട് മതക്കാരാണെന്നും ആ മതത്തിന്റെ വ്യത്യാസം അല്ലെങ്കിൽ ഞങ്ങൾക്ക് ഇടയിലുള്ള പൊളിറ്റിക്സ്, അതുമല്ലെങ്കിൽ മതപരമായി വ്യത്യാസമുള്ള പൊളിറ്റിക്സാണ് ഞങ്ങളുടേത് എന്നൊക്കെയുള്ള തരത്തിൽ ഹെെലെെറ്റ് ചെയ്യപ്പെടുന്ന തരത്തിലേക്ക് ആ ന്യൂസ് പിറ്റേ ദിവസം മാറി. അത് ഭീകരമായ ഒരു അവസ്ഥയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in