ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയേര്‍പ്പെടുത്തിയ അക്രഡിറ്റേഷന്റെ ഭാഗമായി ഓണ്‍ലൈന്‍ ചാനലുകള്‍ രേഖകള്‍ സമര്‍പ്പിക്കാനാരംഭിച്ചു. കാന്‍ മീഡിയ ചാനല്‍ കഴിഞ്ഞ ദിവസം അസോസിയേഷനില്‍ രേഖകള്‍ നല്‍കി. അക്രഡിറ്റേഷന്റെ ഭാഗമായി രേഖകള്‍ ആദ്യമായി സമര്‍പ്പിക്കുന്ന ചാനലാണ് ഇത്. കാന്‍ ചാനല്‍ ചീഫ് എഡിറ്റര്‍ കെ. സുരേഷ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനന് രേഖകള്‍ കൈമാറി. ഫിലിം പി.ആര്‍.ഒ. എ.എസ്. ദിനേശ്, കാന്‍ ചാനല്‍ ക്രിയേറ്റീവ് ഹെഡ് അന്‍വര്‍ പട്ടാമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
നിയന്ത്രണമില്ലാത്ത തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിനിമകളെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാക്കളുട സംഘടന അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സിനിമ പ്രമോഷന്റെ ഭാഗമായുള്ള എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഫെഫ്കയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമങ്ങള്‍ക്ക് പ്രമോഷന് വേണ്ടി നിര്‍മാതാക്കള്‍ പണം നല്‍കില്ലയെന്നും വാര്‍ത്താ സമ്മേളനങ്ങളില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും നടീനടന്‍മാരും ടെക്‌നീഷ്യന്‍മാരും അക്രഡിറ്റേഷനില്ലാത്തവരുമായി സഹകരിക്കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി ഉദ്യം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍, ജി.എസ്.ടി, ലോഗോ, ട്രേഡ് മാര്‍ക്ക്, ഔദ്യോഗിക വെബ്സൈറ്റിന്റെ വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ നിര്‍ബന്ധമായും വേണം എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍
*സിനിമ നിര്‍മാതാവുമായ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള Udhyam Portal-Â രജിസ്ട്രേഷന്‍ എടുക്കണം
*സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ബന്ധമായും GST Registration Certificate, TAN Numberഎന്നിവ ഉണ്ടായിരിക്കണം
*സ്ഥാപനത്തിന്റെ ലോഗോ,ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇത് ലഭ്യമാക്കാന്‍ 6 മാസം വരെ സമയം അനുവദിക്കും.
*സ്ഥാപനത്തിന്റെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിന്റെ വിശദവിവരം നല്‍കണം
*സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ പ്രൊഫൈല്‍ നല്‍കേണ്ടതാണ്
* കമ്പനിയുടെ സ്വഭാവം പ്രൊപൈറ്റര്‍/പാര്‍ട്ണര്‍/ഡയറക്റ്റര്‍ എന്നിവരുടെ വിശദാംശങ്ങള്‍
* സിനിമാവ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത പിആര്‍ഒയുടെ കവറിങ് ലെറ്റര്‍ ഹാജരാക്കണം
*ഒന്നില്‍ക്കൂടുതല്‍ ചാനലുകള്‍ ഒരു കമ്പനി/ ഫേമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍
അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷ കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. പിആര്‍ഓയുടെ കവറിങ് ലെറ്ററോട് കൂടിയാണ് സമര്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്നത്. പിആര്‍ഓ അംഗീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെയും പോര്‍ട്ടലുകളെയുമായിരിക്കും പരിഗണിക്കുക.