ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി എ ബി ബിനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാമനന്‍'. കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ദുരൂഹ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ദ്രന്‍സിനെ കൂടാതെ സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മെഡിക്കല്‍ കോളേജിന്റെ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് എന്നും രാത്രി ഒരു സ്ത്രീയുടെ അലര്‍ച്ച കേള്‍ക്കുന്നു എന്ന വാര്‍ത്തയില്‍ നിന്നാണ് സിനിമയുടെ ആരംഭമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ എ ബി ബിനില്‍ പറയുന്നു. വാമനന്റെ സംവിധായകന്‍ എ ബി ബിനില്‍ ദ ക്യുവിനോട് സംസാരിക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ത്തയില്‍ നിന്ന് തുടങ്ങി...
യാദൃച്ഛികമായിട്ട് ഒരു വാര്‍ത്ത കേട്ടു. ഇങ്ങനെ മെഡിക്കല്‍ കോളേജിന്റെ അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് എന്നും രാത്രി ഒരു സ്ത്രീയുടെ അലര്‍ച്ച കേള്‍ക്കുന്നു എന്നു പറഞ്ഞു. അത് കേള്‍ക്കുന്നത് ആശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്‌സായിരുന്നു. അതവര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. അതിന് ശേഷം അവര്‍ അത് വന്ന് നോക്കി കഴിഞ്ഞപ്പോള്‍ ചിലപ്പോള്‍ കഞ്ചാവോ, മദ്യപാനമോ മറ്റോ നടക്കുന്നതുകൊണ്ട് ആരും അങ്ങോട്ട് ചെല്ലാതിരിക്കാന്‍ വേണ്ടി ആരെങ്കിലും പേടിപ്പിക്കുന്നതായിരിക്കും എന്നാണ് കരുതിയത്. ശരിക്കും ആ വാര്‍ത്ത അവിടെ കഴിഞ്ഞു. പൊലീസ് ക്ലോസ് ചെയ്ത വാര്‍ത്തയാണ് അത്. പക്ഷെ വാര്‍ത്തയില്‍ എന്താണെന്ന് വച്ച് കഴിഞ്ഞാല്‍ അതിന് ശേഷവും ഇന്നും ഇപ്പോള്‍ ചില രാത്രി കാലങ്ങളില്‍ ആ ശബ്ദം ഉണ്ടെന്ന് പറഞ്ഞതാണ് എന്നെ സ്‌ട്രൈക്ക് ചെയ്തത്. അങ്ങനെയാണ് ഞാന്‍ അതിലേക്ക് കടന്നത്. അത് എന്തായിരിക്കും എന്നുള്ളതിന്റെ കണ്‍സ്ട്രക്ഷനാണ് സിനിമ.
അരമണിക്കൂറില്‍ കഥ റെഡിയായിരുന്നു...
അവിടെ ഇങ്ങനെ ഒരു സംഭവം കേള്‍ക്കുന്നു, ഇപ്പോഴും അത് നിലവില്‍ കേള്‍ക്കുന്നുണ്ട് എന്ന് വാര്‍ത്തയില്‍ കേട്ട അന്ന് രാത്രി ഞാന്‍ ഉറങ്ങി. വെളുപ്പിന് ഏകദേശം ഒരു നാല് മണി ഒക്കെ ആയിട്ടുണ്ടാവുള്ളു. ആ സമയത്ത് ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇതിനകത്ത് എന്താണ് നടന്നത് എന്നെനിക്ക് ഒരു ഐഡിയ കിട്ടി. ആ ഐഡിയായിട്ട് ഞാന്‍ എഴുന്നേറ്റിരുന്നു. ഏകദേശം ഒരു അര മണിക്കൂര്‍ ആയപ്പോഴേക്കും കഥ തയ്യാറായിരുന്നു. പ്ലോട്ട് കറക്ടായിട്ട് വന്നിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ എന്റെ ഭാര്യയോട് കഥ പറഞ്ഞിരുന്നു. അപ്പോള്‍ പറഞ്ഞു ത്രില്ലിങ്ങാണല്ലോ, കൊള്ളാം എന്ന്. അങ്ങനെ പിന്നെ അത് തിരക്കഥയിലേക്ക് മാറ്റി.
ഹൊറര്‍ ത്രില്ലറാണ് വാമനന്‍...
കുട്ടിക്കാനം പോലെയുള്ള സ്ഥലത്താണ് സിനിമയുടെ ലൊക്കേഷന്‍ മുഴുവനും. അതൊരു മലയോര ഗ്രാമമാണ്. അത്തരത്തില്‍ ഒരു സ്ഥലത്ത് കുടുംബവുമായി എത്തുന്ന ഒരാള്‍ നേരിടുന്ന വിഷയങ്ങള്‍ അല്ലെങ്കില്‍ അയാള്‍ മെന്റലി ഇത്ര സ്‌ട്രോങ് ആയ കാരക്ടര്‍ ആണെന്ന് പറഞ്ഞൊക്കെ പോകുന്ന വഴിയിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ തീര്‍ച്ചയായിട്ടും ഒരു ഹൊറര്‍ ത്രില്ലര്‍ ആയിട്ടാണ് ഞാന്‍ ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.
ആദ്യം തോന്നിയത് ഇന്ദ്രന്‍സ് ചേട്ടന്റെ മുഖം...
കഥ ഡിമാന്‍ഡ് ചെയ്തിരുന്നത് ഒരിക്കലും ഒരു ആജാനുബാഹു ആയിട്ടുള്ള ആളായിരുന്നില്ല. ഞാന്‍ കഥയ്ക്ക് വാമനന്‍ എന്ന് പേരിട്ടത് പിന്നീടാണ്. കഥയാണല്ലോ നമ്മള്‍ ആദ്യം പ്ലെയ്‌സ് ചെയ്യുന്നത്. ആ പ്ലോട്ട് വര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് അങ്ങനെ കാഴ്ചയില്‍ അദ്ദേഹത്തോട് ഒരു സ്‌നേഹവും ഒരു കുടുംബത്തിലെ അച്ഛന്‍ എന്നൊക്കെ പറയുന്ന ആ ഫീല്‍ കിട്ടുന്ന ഒരു മുഖം എന്റെ മനസിലേക്ക് കയറി വന്നത് ഇന്ദ്രന്‍സ് ചേട്ടന്‍ ആയിരുന്നു. അങ്ങനെയുള്ള ഒരു അപ്പിയറന്‍സ് എനിക്ക് വേണമായിരുന്നു, അത് കഥ ഡിമാന്‍ഡ് ചെയ്തിരുന്നു. പിന്നെ ചേട്ടന്റെ പെര്‍ഫോര്‍മന്‍സ് നമുക്ക് അറിയാലോ. ഇന്‍ക്രെഡിബിള്‍ ആയിട്ടുള്ള അഭിനേതാവാണ്. അതുകൊണ്ട് ഞാന്‍ അതിലേക്ക് പോയി.
കാസ്റ്റിംഗ് കോള്‍ ഇട്ടിരുന്നില്ല...
ഒരു കാസ്റ്റിംഗ് കോള്‍ ഇട്ടിട്ട് ഒരുപാട് പുതിയ നടീനടന്മാരെ കാലങ്ങളായിട്ട് നമ്മള്‍ ഇവിടെ പരിചയപ്പെടുത്താറുണ്ടല്ലോ. ഞാന്‍ ഒരു കാസ്റ്റിംഗ് കോളൊന്നും കൊടുത്ത് വലിയൊരു ക്യൂ ചെയ്തിട്ടോ അങ്ങനെ സംഗതികളൊന്നും ഉണ്ടായില്ല. നമ്മള്‍ അറിയുന്ന കുറച്ച് ആളുകളോട് പറഞ്ഞിരുന്നു. അവര്‍ അയച്ച് തന്ന കുറേ ഫോട്ടോകള്‍, പിന്നെ ദില്‍ഷയെ ഞാന്‍ 'ഓപ്പറേഷന്‍ ജാവ'യില്‍ നോട്ടീസ് ചെയ്തതാണ്. അതില്‍ വിനായകന്റെ മകളായിട്ട് ചെയ്തതുകൊണ്ട് ഇന്ദ്രന്‍സ് ചേട്ടന്റെ മകള്‍ എന്ന് പറയുമ്പോള്‍ ഒരു സിമിലാരിറ്റി വേണമായിരുന്നു. ഏകദേശം അത് കാഴ്ച്ചയില്‍ ഒക്കെ അങ്ങനെ ഉണ്ടായതുകൊണ്ടാണ് ദില്‍ഷയെ തെരഞ്ഞെടുത്തത്. സെബാസ്റ്റ്യന്‍ സര്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹം നേരത്തേ തന്നെ തെലുങ്കില്‍ അഭിനേതാവാണ്. കുറച്ച് പടങ്ങള്‍ ഒക്കെ അവിടെ ചെയ്തിട്ടുണ്ട്. കാരക്ടര്‍ ആപ്റ്റ് ആയതുകൊണ്ടാണ് എല്ലാവരെയും കാസ്റ്റ് ചെയ്തത്.
അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്ക്...
അഭിനയവും സംവിധാനവും രണ്ട് ഏരിയയാണ്. അഭിനയം എന്ന് പറയുമ്പോള്‍ ഒരുപക്ഷെ ലൊക്കേഷനിലേക്ക് ചെല്ലുന്നതല്ലേ. അവിടെ നമ്മള്‍ കഥ പറഞ്ഞ് കേട്ടിട്ടുണ്ടായിരിക്കാം. അഭിനയിക്കുക എന്ന് പറയുമ്പോള്‍ കുറച്ച് കൂടി ആക്‌സസാണ്. പക്ഷെ, സംവിധാനം എന്ന് പറഞ്ഞാല്‍ അത്ര സിംപിള്‍ അല്ല. നമ്മള്‍ ആഗ്രഹിക്കുന്ന ഒരു സിനിമ എന്ന് പറഞ്ഞാല്‍ നമ്മള്‍ തന്നെ ഒരു കഥയുണ്ടാക്കി, അതിന് തിരക്കഥ എഴുതി, അതിന്റെ പ്രൊഡക്ഷന്‍ സെറ്റ് ചെയ്തു, ആര്‍ട്ടിസ്റ്റിനോട് കഥ പറഞ്ഞു, ലൊക്കേഷന്‍സ് കണ്ടു, ടെക്‌നീഷന്മാരെ ഉറപ്പിച്ചു, ഇത് ഷൂട്ട് ചെയ്തു, പല വിഷയങ്ങള്‍ അതിജീവിച്ചു. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്ന് പറഞ്ഞാല്‍ കൊവിഡ് കാലത്താണ്. ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ജനുവരി, ഫെബ്രുവരി ഒക്കെ കൊവിഡിന്റെ സമയമായിരുന്നല്ലോ. ആ സമയത്ത് ഷൂട്ട് ചെയ്തിരുന്നു. പിന്നെ മാര്‍ച്ചിലാണ് അത് പൂര്‍ത്തിയാക്കിയത്. അങ്ങനെയൊക്കെ ഒരുപാട് പ്രശ്‌നങ്ങള്‍ നമ്മള്‍ തരണം ചെയ്യേണ്ടതുണ്ട്. കഥ എഴുതി സംവിധാനം ചെയ്യുക എന്ന് പറഞ്ഞാല്‍ അതൊരിക്കലും ഈസിയല്ല. ഒന്നാമത്തേത് ആര്‍ട്ടിസ്റ്റിനെ കണ്‍വേ ചെയ്യല്‍ അതും എളുപ്പമല്ല, രണ്ടാമത്തേത് പ്രൊഡക്ഷന്‍, അത് വലിയൊരു ഫാക്ടര്‍ ആണ്.