രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് 'ആവേശം'. ആവേശത്തിന് രോമാഞ്ചവുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് വേറെയൊരു സിനിമ തന്നെയാണെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദിന്റെ ഒരു കൊമേർഷ്യൽ പടം എന്ന നിലയിലാണ് ആവേശം ആലോചിച്ച് തുടങ്ങിയത്. കഥ പറഞ്ഞപ്പോൾ തന്നെ ഈ കാരക്ടറിനായി ഫഹദ് എന്തും ചെയ്യാൻ തയ്യാറായി നിന്നു. കഥ പറയുമ്പോൾ 'എടാ മോനെ'... ഇത്രയും സ്‌ട്രൈക്കിങ് അല്ലായിരുന്നു. നസ്രിയ ആണ് 'എടാ മോനെ' എന്ന ഡയലോഗ് കൊള്ളാമല്ലോ അത് ട്രെൻഡിംഗ് ആവുമെന്ന് പറഞ്ഞതെന്ന് ക്യു സ്റ്റുഡിയോയുടെ ആവേശ ഗലാട്ട ഇവന്റിൽ ജിത്തു മാധവൻ പ്രതികരിച്ചു.
ജിത്തു മാധവൻ പറഞ്ഞത് :
ആവേശം ആവേശമാണ് രോമാഞ്ചം രോമാഞ്ചമാണ്. ആവേശത്തിന് രോമാഞ്ചവുമായി യാതൊരു ബന്ധവുമില്ല. ഇത് വേറെയൊരു സിനിമ തന്നെയാണ്. ഫഹദിന്റെ ഒരു കൊമേർഷ്യൽ പടം എന്ന നിലയിലാണ് ആവേശം ആലോചിച്ച് തുടങ്ങിയത്. കഥ പറഞ്ഞപ്പോൾ തന്നെ ഈ കാരക്ടറിനായി ഫഹദ് എന്തും ചെയ്യാൻ തയ്യാറായി നിന്നു. നേരത്തെ പ്ലാൻ ചെയ്ത് ഈ കഥാപാത്രം ഇങ്ങനെ വേണമെന്ന് പറഞ്ഞ് ഡിസൈൻ ചെയ്തതല്ല ഞങ്ങൾ പോയത്. ഷൂട്ടിന് വന്ന് ചെയ്ത് നോക്കി ഇങ്ങനെ പിടിക്കാം മീറ്റർ എന്ന രീതിയിൽ ചെയ്ത് ചെയ്താണ് ഈ കഥാപാത്രത്തെ പൂർണമായും സിനിമയിലേക്ക് എത്തിച്ചിരിക്കുന്നത്. ഫഹദ് പെർഫോം ചെയ്യുന്ന കണ്ടിട്ട് ഞങ്ങളൊരു മീറ്റർ ലോക്ക് ചെയ്ത് പോകുവായിരുന്നു. ഇങ്ങനെ തന്നെ പെർഫോമൻസ് വേണമെന്നോ ലുക്ക് വേണമെന്നോ പ്രീ പ്ലാൻ ചെയ്തിട്ടില്ല. കഥ പറയുമ്പോൾ 'എടാ മോനെ'... ഇത്രയും സ്‌ട്രൈക്കിങ് അല്ലായിരുന്നു, ഡയലോഗിലുള്ള ഒരു ഭാഗം മാത്രമായിരുന്നു. നസ്രിയ ആണ് 'എടാ മോനെ' എന്ന ഡയലോഗ് കൊള്ളാമല്ലോ അത് ട്രെൻഡിംഗ് ആവുമെന്ന് പറഞ്ഞത്. ഭയങ്കര സ്‌ട്രൈക്കിങ് ആണതെന്ന് മനസ്സിലാക്കി അങ്ങനെ ഉപയോഗിക്കുകയായിരുന്നു.
ചിത്രം ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രങ്കൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.