12 ആണുങ്ങളും ഒരു പെണ്ണും‌, അവർക്കിടയിലെ നാടകവും; പ്രിവ്യൂവിന് പിന്നാലെ മികച്ച അഭിപ്രായവുമായി ആട്ടം പ്രേക്ഷകരിലേക്ക്

12 ആണുങ്ങളും ഒരു പെണ്ണും‌, അവർക്കിടയിലെ നാടകവും; പ്രിവ്യൂവിന് പിന്നാലെ മികച്ച അഭിപ്രായവുമായി ആട്ടം പ്രേക്ഷകരിലേക്ക്
Published on

റിലീസിന് മുമ്പേ നിരൂപക പ്രശംസ നേടി ചർച്ചയായ ആട്ടം ജനുവരി അഞ്ചിന് തിയറ്ററുകളിലേക്ക്. രാജ്യാന്തര ചലച്ചിത്ര മേളകളിലെ സ്ക്രീനിം​ഗിലും കൊച്ചിയിലും കോഴിക്കോടും നടന്ന പ്രിവ്യൂകളിലും സിനിമ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ​നവാ​ഗതനായ ആനന്ദ് ഏകർഷിയാണ് ആട്ടം തിരക്കഥയും സംവിധാനവും. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് എന്നിവരാണ് പ്രധാന റോളുകളിൽ. ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോ. അജിത് ജോയ് നിർമ്മിച്ച ചിത്രം ഒരു ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ്.

സിനിമയെക്കുറിച്ച് ആനന്ദ് ഏകർഷി ക്യു സ്റ്റുഡിയോയോട്:

സിനിമയിൽ 13 ലീഡ് അഭിനേതാക്കൾ ആണ് ഉള്ളത്, 12 ആണുങ്ങളും ഒരു പെണ്ണും. അതിൽ വിനയ് ഫോർട്ട് ഉൾപ്പടെ പതിനൊന്ന് പേരെയും എനിക്ക് കഴിഞ്ഞൊരു 25 വർഷമായി അറിയുന്നവരാണ്. ഞങ്ങൾ ഒരേ നാടക സംഘത്തിൽ ഒരുമിച്ചുണ്ടായിരുന്നവരാണ് അതുകൊണ്ട് എല്ലാവരും സുഹൃത്തുക്കളാണ്. ഇവർ സിനിമയിൽ അഭിനയിക്കുന്നതും നാടകക്കാർ ആയിട്ടാണ്. ചിത്രത്തിൽ നായികയായ സറിൻ ഷിഹാബ് ഷാജോൺ ചേട്ടനും ഒഴികെ എല്ലാവരും എനിക്ക് നേരത്തെ അറിയാവുന്നവരാണ്. 40 ദിവസത്തോളം റിഹേഴ്സൽ ചെയ്തിട്ടാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ഏകദേശം 80 ശതമാനത്തോളം സീനുകളും ഞങ്ങൾ റിഹേഴ്സൽ ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ഐഡിയ തുടങ്ങുന്നത് ഞങ്ങൾ കോവിഡിന്റെ സമയത്ത്, അതായത് കഴിഞ്ഞ മുൻപിലത്തെ വർഷമൊരു യാത്ര പോയി. വിനയ് ഫോർട്ടിന്റെ ഒരു ഇനിഷിയേറ്റിവ് ആണ് ഈ സിനിമ. കൂടെയുള്ളവർക്കായി എന്തെങ്കിലും ചെയ്യണം അവരെയൊക്കെ മുന്നോട്ട് കൊണ്ടുവരണമെന്ന് വിനയ്‌ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, അതവൻ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സംവിധാനം ചെയ്യുകയാണെങ്കിൽ അവൻ കൂടെ നിൽക്കാമെന്ന് പറഞ്ഞു. എനിക്കതൊരു ഗംഭീര കാര്യമായി തോന്നി. അങ്ങനെ അവരെ എങ്ങനെ ഉൾപ്പെടുത്തി നിർമിക്കാമെന്ന് ആലോചിച്ച് അവർക്കായി എഴുതിയ സിനിമയാണ് ആട്ടം.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലും ​ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും സ്ക്രീൻ ചെയ്തിട്ടുണ്ട്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസിൽ സി ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in