'എന്റെ സെറ്റുകളിൽ ഞാൻ ലഹരി പ്രോത്സാഹിപ്പിക്കാറില്ല, മട്ടാഞ്ചേരി മാഫിയ എന്ന പേര് ചാർത്തി തന്നത് സംഘപരിവാർ'; ആഷിക് അബു

'എന്റെ സെറ്റുകളിൽ ഞാൻ ലഹരി പ്രോത്സാഹിപ്പിക്കാറില്ല, മട്ടാഞ്ചേരി മാഫിയ എന്ന പേര് ചാർത്തി തന്നത് സംഘപരിവാർ'; ആഷിക് അബു
Published on

ഒരു കാരണവശാലും തന്റെ സെറ്റിൽ ലഹരി പ്രോത്സാഹിപ്പിക്കാറില്ലെന്ന് സംവിധായകൻ ആഷിക് അബു. മട്ടാഞ്ചേരി മാഫിയ എന്ന പേര് സിഎഎ വിരുദ്ധ സമരത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതിനാൽ സംഘപരിവാർ കേന്ദ്രങ്ങൾ തനിക്ക് ചാർത്തി തന്ന പേരാണ് എന്നും ബി ഉണ്ണികൃഷ്ണനെതിരെ താൻ ആരോപിക്കുന്ന കാര്യങ്ങൾക്ക് കാരണങ്ങളുണ്ട് എന്നും മനോരമ ന്യൂസിനോട് ആഷിക് അബു പ്രതികരിച്ചു.

ആഷിക് അബു പറഞ്ഞത്:

എന്നെ സംബന്ധിച്ചിടത്തോളം ലഹരി വസ്തുക്കൾ ഉപയോ​ഗിച്ച് ഒരു സിനിമ നിർമിക്കുക എന്ന് പറയുന്നതോ അല്ലെങ്കിൽ എന്റെ സെറ്റുകളിൽ ലഹരി ഉപയോ​ഗിച്ച് ആളുകൾ വരുന്നതോ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു കാര്യമായിട്ട് ഞാൻ കരുതുന്നില്ല. പ്രത്യേകിച്ച് ഞങ്ങളെപ്പോലുള്ള സംവിധായകർ പിന്നീട് നിർമാണ കമ്പനി തുടങ്ങുന്ന സമയത്ത് അച്ചടക്കം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങളൊക്കെ ഇന്ന് എവിടെയെങ്കിലും ഒക്കെ എത്തിയിട്ടുണ്ടെങ്കിൽ അത് അച്ചടക്കത്തിന്റെ പേരിലാണ്. ആ അച്ചടക്കത്തിന്റെ ഭാ​ഗമായി എന്റെ ആദ്യത്തെ സിനിമ മുതൽക്കേ തന്നെ ലൊക്കേഷനുകളിലോ സിനിമ അനുബന്ധ കാര്യങ്ങളിലോ ഇത്തരം കാര്യങ്ങൾ ഞങ്ങൾ ഒരിക്കലും തന്നെ വച്ചു പൊറുപ്പിച്ചിട്ടില്ല. എല്ലാവർക്കും സ്വന്തം സിനിമ തന്നെയാണ് വലുത്. അവിടെ എന്ത് ലഹരി ഉപയോ​ഗിച്ച് വരുന്നവരും സിനിമ നിർമാണത്തിന് തടസ്സമാണ്. അത് വലിയ പ്രശ്നമാണ് അതുകൊണ്ട് ഒരിക്കലും നമ്മൾ അത് അനുവദിക്കില്ല

മട്ടാഞ്ചേരി മാഫിയ' എന്നത് സംഘപരിവാർ ചാർത്തിയ ലേബലാണ്. സിഎഎ വിരുദ്ധ സമരത്തിൽ അനുകൂല നിലപാട് എടുത്തതിനാലാണ് തനിക്കെതിരായ ആരോപണം വന്നത്. എനിക്കോ റിമയ്ക്കോ അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ വലയത്തിലുള്ള ആർക്കെതിരെയും എളുപ്പത്തിൽ എടുത്ത് ഉപയോ​ഗിക്കാൻ പറ്റുന്ന ഒരു കാര്യമായി ഇത് മാറിയിട്ടുണ്ട്. ഇത് വർഷങ്ങളായി നടന്നു വരുന്നതാണ്.

ബി ഉണ്ണികൃഷ്ണന് നേരെ ഞാൻ ആരോപിക്കുന്ന കാര്യങ്ങൾക്ക് കാരണങ്ങളുണ്ട്. എന്റെ സുഹൃത്താണ് ബി ഉണ്ണികൃഷ്ണൻ ‍ ഞങ്ങൾ തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളില്ല. എന്തുകൊണ്ടാണ് അത് വ്യക്തിപരമായി അദ്ദേഹത്തിന് തോന്നുന്നത് എന്ന് എനിക്ക് അറിയില്ല. എന്റെ ആരോപണങ്ങൾ വ്യക്തമാണ് അതെല്ലാം ഞാൻ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളാണ്. അദ്ദേഹം ചെയ്യുന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഞാൻ അദ്ദേഹം ഇടത് വിരുദ്ധനാണ് എന്ന് ആരോപണം ഉന്നയിച്ചത്. ആഷിക് അബു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in