വമ്പന്‍ ഓപ്പണിംഗുമായി 'ആറാട്ട്'; ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടി

വമ്പന്‍ ഓപ്പണിംഗുമായി 'ആറാട്ട്'; ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടി
Published on

മോഹന്‍ലാലിന്റെ ആറാട്ട് 2022ലെ മികച്ച ഓപ്പണിംഗ് ലഭിച്ച സിനിമയായിരുന്നു. ഫെബ്രുവരി 18ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം ഇന്ത്യയൊട്ടാകെ 3 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ മൂന്ന് ദിവസത്തെ ആഗോള ഗ്രോസ് കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 17.80 കോടിയാണ് ചിത്രം ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍. മോഹന്‍ലാലും ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

കൊവിഡ് സമയത്ത് തിയേറ്ററുകളില്‍ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് ചിത്രം ആദ്യ ദിനം തന്നെ മൂന്ന് കോടിക്ക് മുകളില്‍ നേടിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ 'ഹൃദയം' നേടിയതിനേക്കാള്‍ മികച്ച നേട്ടമാണ് 'ആറാട്ട്' നേടിയിരിക്കുന്നത്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ബി.ഉണ്ണികൃഷ്ണനാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനായി തിരക്കഥ ഒരുക്കിയ ചിത്രമാണ് ആറാട്ട്.

ആറാട്ട് സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു. 'ആറാട്ട് എന്ന സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. an unrealistic entertainer എന്നാണ് ആ സിനിമയെ കുറിച്ച് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്, വലിയ അവകാശവാദങ്ങളൊന്നും ഇല്ല. ആറാട്ട് എന്ന പേര് ഇട്ടത് തന്നെ ഒരു ഉത്സവത്തിന്റെ പ്രതീതി സിനിമയ്ക്കുള്ളത് കൊണ്ടാണ്. അത് ആളുകളിലേക്ക് എത്തി. അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in