‘ഇത് കഠിനമായ ദിനങ്ങള്‍, ഒറ്റമനസ്സോടെ നേരിടാം’ ; ജോര്‍ദാനില്‍ ആടുജീവിതം ടീം സുരക്ഷിതരെന്നും പൃഥ്വിരാജ്
ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും കൊവിഡ് 19 ബാധയില്‍ ജാഗ്രത പുലര്‍ത്തി ഏവരും സുരക്ഷിതരായിരിക്കണമെന്നും പൃഥ്വിരാജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം പങ്കുവെച്ചത്. കഠിനമായ ദിനങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയമാണ്. വ്യത്യാസമെന്തെന്നാല്‍ ഇതില്‍ ഒന്നിക്കുകയെന്നാല്‍ ആളുകള്‍ അകലം പാലിക്കുക എന്നതാണ്. വ്യക്തിശുചിത്വവും സാമൂഹ്യമായ അകലം പാലിക്കലുമാണ് ഈ മഹാമാരിയെ നേരിടാനുള്ള പോംവഴിയെന്നും പൃഥിരാജ് കുറിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഏവരും തയ്യാറാകണം. ജോര്‍ദാനില്‍ ആടുജീവിതം ടീം സുരക്ഷതരാണ്. യൂണിറ്റിലുണ്ടായിരുന്ന രണ്ടുപേര്‍ മുന്‍കരുതലെന്ന നിലയില്‍ ഹോം ക്വാറന്റൈന്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുരക്ഷിതരായിരിക്കുക, കഠിനമായ ദിനങ്ങളാണ്. ഒന്നിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണ്. വ്യത്യാസമെന്തെന്നാല്‍ ഒന്നിച്ചുനില്‍ക്കുകയെന്നാല്‍ ആളുകള്‍ അകലം പാലിക്കുകയെന്നതാണ്. ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയെയാണ് ലോകം നേരിടുന്നത്. സാമൂഹികമായി അകലം പാലിക്കലും വ്യക്തി ശുചിത്വം പിന്‍തുടരലുമാണ് ഈ മഹാമാരിയെ നേരിടാനുള്ള പോംവഴി. എന്റെയും ആടുജീവിതം യൂണിറ്റിന്റെയും സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി സന്ദേശങ്ങളയച്ചവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുകയാണ്. ജോര്‍ദാനിലെ വാദിറം എന്നയിടത്താണ് ചിത്രീകരണം തുടരുന്നത്. ലഭ്യമായ സാഹചര്യം അനുകൂലമായതിനാലാണ് അങ്ങനെ തുടരുന്നത്. ജോര്‍ദാനില്‍ നിന്ന് ഇപ്പോള്‍ അകത്തേക്കോ പുറത്തേക്കോ അന്താരാഷ്ട്ര വിമാനങ്ങളില്ല. കൂടാതെ ഞങ്ങളെല്ലാം നേരത്തേ തന്നെ ഇവിടെയായിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട ക്യാംപില്‍ ഞങ്ങള്‍ക്ക് നില്‍ക്കാം. അല്ലെങ്കില്‍ വേഗമെത്താകുന്ന ഷൂട്ടിംഗ് സെറ്റില്‍ പോയി പ്രവര്‍ത്തിക്കുകയും ചെയ്യാം. അധികൃതരുടെ അനുമതി തേടുകയും ഓരോ യൂണിറ്റ് അംഗങ്ങളും പരിശോധനയ്ക്ക് വിധേയരാവകയും ചെയ്ത ശേഷം ഷൂട്ടിങ് തുടരുകയാണ്. രണ്ട് അഭിനേതാക്കള്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഹോം ക്വാറന്റൈനില്‍ പോയിട്ടുണ്ട്. അവരുണ്ടായിരുന്ന ഫ്‌ളൈറ്റില്‍ സഞ്ചരിച്ച മുഴുവന്‍ യാത്രികരും ഹോം ക്വാറന്റനിലാണ്. രണ്ട് ആഴ്ചയ്ക്ക് ശേഷം അവര്‍ക്ക് ചിത്രീകരണത്തില്‍ പുനപ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏവരും അധികൃതരുടെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുക, ഭയപ്പെടാതിരിക്കുക.