ആടുജീവിതത്തിനുവേണ്ടി നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങളുമായി പുതിയ പോസ്റ്റർ. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിനായി കഠിനപരിശ്രമം നടത്തിയാണ് പൃഥ്വിരാജ് നജീബിന്റെ ഓരോ വേഷങ്ങളും പകര്‍ന്നാടിയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും മറക്കാനാവാത്തതാണ് നജീബ് കടന്നുപോയ അവസ്ഥകള്‍. ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച അവസ്ഥയില്‍ നില്‍ക്കുന്ന നജീബിനെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ കാണാനാകുമെങ്കില്‍ രണ്ടാമത്തെ പോസ്റ്ററില്‍ കാണാനാവുക ഒരല്പം പ്രതീക്ഷ പ്രതിഫലിക്കുന്ന കണ്ണുകളോടെയുള്ള നജീബിനെയാണ്. അതേസമയം മൂന്നാമത്തെ പോസ്റ്ററില്‍ വലിയ പ്രശ്നങ്ങളൊന്നും ജീവിതത്തിലില്ലാത്ത, തനിക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥകളെക്കുറിച്ച് അല്പം പോലും വേവലാതിയില്ലാത്ത ഊര്‍ജസ്വലനായൊരു നജീബിനെയാണ്.
ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2008 മുതല്‍ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസ്സിയ്ക്ക് തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലാണ് ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്. മലയാളസിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്