അതിജീവനത്തിന്റെ ഏറ്റവും സാഹസികവും അവിശ്വസനീയവുമായ കഥ; ഒടുവിൽ ആടുജീവിതം എത്തുന്നു

അതിജീവനത്തിന്റെ ഏറ്റവും സാഹസികവും അവിശ്വസനീയവുമായ കഥ; ഒടുവിൽ ആടുജീവിതം എത്തുന്നു
Published on

പൃഥ്വിരാജ് - ബ്ലെസി കൂട്ടുക്കെട്ടിൽ ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ആടുജീവിതം തിയറ്ററുകളിലേക്ക്. ചിത്രം അടുത്ത വർഷം ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 14 വർഷവും കൊവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം തിയറ്ററുകളിലെത്താൻ പോകുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് പറയുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും

“ആടുജീവിതം സാർവത്രിക ആകർഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലർത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാള്‍ വിചിത്രമാണ് സത്യം. ഈ ചിത്രം പൂര്‍ണ്ണമായും തീയറ്റര്‍ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ 'മാഗ്നം ഓപ്പസ്' ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്."

ബ്ലെസി

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് ആടുജീവിതം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. വലിയ ഇടവേളക്ക് ശേഷം എ.ആര്‍.റഹ്മാന്‍ മലയാളത്തില്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഛായാഗ്രഹണം സുനില്‍ കെ.സ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.

2018ലാണ് 'ആടുജീവിതത്തിന്റെ' കേരളത്തിലെ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. 4 വർഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇതിനിടയിൽ വന്ന കൊവിഡ് മഹാമാരിയും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു. നജീബായി മാറാൻ പൃഥ്വിരാജ് സ്വീകരിച്ച ശാരീരികമായ മേക്ക് ഓവറുകളും ഏറെ ചർച്ചയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in